കിസ് ഓഫ് ലവ് മാവോയിസ്റ്റ് സമരമെന്ന് ഇന്റലിജന്‍സ്

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (08:09 IST)
സദാചാര ഗുണ്ടായിസത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ കിസ് ഒഫ് ലവ് എന്ന പേരില്‍ ചുംബന സമരം സംഘടിപ്പിച്ചത് മാവോയിസ്റ്റുകളെന്ന് ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ട്. കിസ് ഓഫ് ലവ് കൂട്ടായ്മയുടെ പേരില്‍ കോഴിക്കോട്ടു നടന്ന ചുംബന സമരത്തിനാണ് മാവോയിസ്റ്റ് ബന്ധമെന്ന് റിപ്പോര്‍ട്ടിലുള്ളത്. സമരത്തിന് നേതൃത്വം നല്‍കിയത് മാവോയിസ്റ്റ് അനുഭാവമുള്ള ചിലരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വയനാട്ടിലെ മേപ്പാടി പൊലീസ് സ്റ്റേഷനു കീഴിലെ തോട്ടം പിടിച്ചെടുക്കല്‍ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കരുതല്‍ തടങ്കലിലായ രണ്ടു പേരാണു ചുംബന സമരത്തിന്റെ കോഴിക്കോട് എഡിഷനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ കൊച്ചിയില്‍ നടന്ന സമരത്തിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

സമരക്കാര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നില്‍ മാവോയിസ്റ്റ് അനുഭാവമുള്ള നേതാവിന്റെ ബുദ്ധിയാണെന്നും സമരം ആഹ്വാനം ചെയ്യുന്നതും സമരക്കാരെ ക്ഷണിക്കുന്നതും ഫെയ്സ്ബുക്ക് വഴി ആയതിനാല്‍ ഇവരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.