‘കന്യാസ്ത്രീയും ബിഷപും നല്ല സന്തോഷത്തിലായിരുന്നു’- ഫ്രാങ്കോയ്ക്ക് കട്ടസപ്പോർട്ടുമായി പി സി ജോർജ് വീണ്ടും
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (16:16 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്.
പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു. ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു.
ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽനിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു. നേരത്തേയും ബിഷപിന് പിന്തുണയുമായി പി സി രംഗത്തെത്തിയിരുന്നു.
അതേസമയം, സംഭവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം എസ്.പി അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.