വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കൺ ലൈറ്റ് നീക്കി സംസ്ഥാനത്തെ മന്ത്രിമാര്‍

വ്യാഴം, 20 ഏപ്രില്‍ 2017 (12:25 IST)
വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരുകളും. മന്ത്രിമാരായ തോമസ് ഐസക്ക്, എ.കെ ബാലന്‍, മാത്യു ടി തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റിയത്. 
 
മേയ് ഒന്നിന് മുമ്പായി വിഐപികളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസുമാര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. എമര്‍ജന്‍സി വാഹനങ്ങളായ ആംബുലന്‍സുകള്‍, പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രം ഇനിമുതല്‍ ബീക്കണ്‍ ലൈറ്റ് മതിയെന്നായിരുന്നു നിര്‍ദേശം. 
 
നിര്‍ദേശം പുറത്തുവന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തു തുടങ്ങിയതായാണ് വിവരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരു ബീക്കൺ ലൈറ്റുകൾ മാറ്റിയിട്ടുണ്ട്. ഈ ഉത്തരവിറങ്ങിയതിന് പിന്നാലെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരിയും ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക