എകെജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പിഎസ്‌സിയെ സിപിഎം കാണുന്നതെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്

വ്യാഴം, 18 ജൂണ്‍ 2020 (14:31 IST)
ഇടതുഭരണം പിഎസ്‌സിയെ ജീര്‍ണ്ണതയുടെയും കെടുകാര്യസ്ഥതയുടെയും പാരമ്യത്തിലെത്തിച്ചെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എകെജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പിഎസ്‌സിയെ സിപിഎം കാണുന്നതെന്നും പിണറായി വിജയന്‍ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റുമാരും സര്‍ക്കാരിന്റെ നിയമന നിരോധനത്തിനെതിരെ പി.എസ്.സി ഓഫീസിന് മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
 
സി.പി.എം അനുഭാവികളായ കുപ്രസിദ്ധ കുറ്റവാളികള്‍ ക്രമക്കേടുകള്‍ നടത്തി പിഎസ്‌സി റാങ്ക് പട്ടികയില്‍ കയറിക്കൂടുന്നു.എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടുന്നത് കേരളം കണ്ടതാണ്. സുതാര്യത മുഖമുദ്രയായിരുന്ന കേരള പിഎസ്‌സി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. പിഎസ്‌സിയുടെ കൊടിയടയാളം വിശ്വാസ്യതയായിരുന്നു. അത് സിപിഎം തകര്‍ത്തു.ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളുടെ ചിറകുകളാണ് സിപിഎമ്മും കേരള സര്‍ക്കാരും അരിഞ്ഞു വീഴ്ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍