പമ്പാ-ത്രിവേണി മണല്‍വാരല്‍ സ്പ്രിങ്ക്ലറിനെക്കാള്‍ വലിയ അഴിമതി: ജി ദേവരാജന്‍

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (13:05 IST)
പമ്പാ-ത്രിവേണി മണല്‍വാരല്‍ സ്പ്രിങ്ക്ലറിനെക്കാള്‍ വലിയ അഴിമതിയാണെന്നും സര്‍ക്കാരിന്റെ നടപടിയെകുറിച്ച് അന്വേഷണം നടത്തണമെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തെത്തുടര്‍ന്ന് ഏതാണ്ട് ഒരു ലക്ഷം മെട്രിക് ടണ്‍ മണ്ണും മണലുമാണ് പമ്പയില്‍ അടിഞ്ഞുകൂടിയത്. കഴിഞ്ഞ രണ്ടു വര്‍ഷം നിയമ പ്രകാരം ഈ മണ്ണും മണലും നീക്കാന്‍ ശ്രമിക്കാതിരുന്ന സര്‍ക്കാര്‍ മഴക്കാലമായപ്പോള്‍ രഹസ്യമായി ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട് വനം വകുപ്പറിയാതെ മണല്‍ വില്‍ക്കുകയാണ്. മണല്‍ വാരുന്നത് സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ ഉദ്യോഗസ്ഥന്മാര്‍ എങ്ങനെയാണ് ചട്ടം ലംഘിച്ച് മണ്ണും മണലും വാരാന്‍ ഉത്തരവിറക്കിയതെന്നു അന്വേഷിക്കേണ്ടതാണെന്നും മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.
 
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ബന്ധു നിയമനങ്ങള്‍, മാര്‍ക്ക് ദാനങ്ങള്‍, ഡിസ്റ്റ്ലറി-ബ്രൂവറി അനുമതി, പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതി, ട്രാന്‍സ്ഗ്രിഡ് അഴിമതി, സ്പ്രിന്ക്ലര്‍ അഴിമതി, ബെവ്-ക്യൂ അഴിമതി എന്നീ ശ്രേണിയിലെ അടുത്ത തട്ടിപ്പാണ് ഈ മണല്‍ക്കൊള്ള. കോവിഡ് രോഗ വ്യാപനത്തിന്റെ മറവില്‍ സാമാനേന്യ അപ്രസക്തമായ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പേരില്‍ നടത്തുന്ന മണ്ണ്-മണല്‍ക്കൊള്ള നിര്‍ത്തിവക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍