കേരളത്തെ വിറപ്പിച്ച കവളപ്പാറ മണ്ണിടിച്ചിലിൽ സ്വത്തും ജീവനും നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി സർക്കാർ. ദുരന്തഭൂമിയായ കവളപ്പാറയെ സർക്കാർ ഏറ്റെടുത്തിരുന്നു. കവളപ്പാറയിലെ ജനങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം തങ്ങളുടെ അക്കൌണ്ടിൽ എത്തിയെന്ന് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട സുമോദ് കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
അന്യ നാട്ടിലിരിക്കുമ്പോഴേ സ്വന്തം നാടിന്റെ വിലയറിയൂ .ഞാനിപ്പോൾ ബാംഗ്ലൂരിലിരുന്നാണീ കുറിപ്പെഴുതുന്നത്. കവളപ്പാറയിലെ മുത്തപ്പൻമല കവർന്നത് 59 മനുഷ്യജീവിതങ്ങൾ. ചെതുപ്പിനുള്ളിൽ എന്റെ അച്ചന്റെയും അമ്മയുടെയും ജീവനറ്റ ശരീരങ്ങൾ കണ്ട കാഴ്ചയുടെ നോവ് മായുന്ന പുലരിയിനി ഞങ്ങളിലുണ്ടാവില്ലെന്നുറപ്പാണ്. എന്റെ മാത്രം നോവല്ലിത്. ഒരു നാടിന്റെ ഉള്ളം പൊട്ടിയൊഴുകുന്ന നിലക്കാത്ത തേങ്ങലാണ്.ആഗസ്റ്റ് 8 ന്റെ ദുരന്തം പെയ്തിറങ്ങിയ രാത്രിക്ക് ശേഷം 38 രാത്രികൾ ഞങ്ങൾ പിന്നിട്ടു.ഇക്കാലയളവിൽ ഒരായുസ്സിന്റെ പുണ്യമെന്നോണം നാടിന്റെ നാനാ ഭാഗത്ത് നിന്നും സഹായവും സാന്ത്വനവും പകർന്ന സ്നേഹപ്രവാഹം ഇന്നും നിലച്ചിട്ടില്ല...
ആരോടൊക്കെ എങ്ങിനെയൊക്കെ നന്ദി പ്രകാശിപ്പിക്കണം എന്നെനിക്കറിയില്ല. എന്നാലും നിറഞ്ഞ സന്തോഷത്തോടെ ഒറ്റവാക്കിൽ പറയട്ടെ നന്ദി.... ഒരായിരം നന്ദി. സർക്കാരിനോട്, ഉദ്യോഗസ്ഥരോട്, നാട്ടുകാരോട്. ..... .... ഇനിയും നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ...