വിജിലന്‍സ് ഡയറക്ടറെ നീക്കുന്ന കാര്യത്തില്‍ എന്തിനാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്; ഈ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെയാണ് മുന്നോട്ടുപോകുക?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ബുധന്‍, 29 മാര്‍ച്ച് 2017 (12:42 IST)
വിജിലന്‍സിനും വിജിലന്‍സ് ഡയറക്ടര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് പല കേസുകളിലും വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ ഡയറക്ടറെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് മുന്നോട്ടുപോകാന്‍ സാധിക്കുകയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് മൗനം പാലിക്കുന്നതെന്നും കോടതി ചോദിച്ചു.   
 
പല അഴിമതി കേസുകളിലും പ്രതി ചേര്‍ക്കപ്പെട്ടവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വാക്കാലുള്ള നിരീക്ഷണം. ബാര്‍ കോഴക്കേസ്, ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം എന്നീ കേസുകളിലും തുടര്‍ച്ചയായി വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചായിരുന്നു വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. രാഷ്ട്രീയം കളിക്കാനുളള വേദിയല്ല കോടതിയെന്നും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് വിജിലന്‍സിന്റെ നിലപാടുകളും മാറുമോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക