സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡീഷപശ്ചിമ ബംഗാള്‍ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഇന്ന് ആലപ്പുഴ,എറണാകുളം,തൃശൂര്‍,കോഴിക്കോട് ജില്ലകളീലാണ് മുന്നറിയിപ്പ്. കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അതേസമയം കേരളത്തില്‍ കാലവര്‍ഷമെത്തി ആഴ്ചകള്‍ പിന്നിടുമ്പോള്‍ ലഭ്യമായ മഴയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷത്തില്‍ ഇതുവരെ 65 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വയനാട് ജില്ലയില്‍ ഇത് 81% കുറവും ഇടുക്കിയില്‍ 73 ശതമാനവുമാണ്. കാലവര്‍ഷമഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാസര്‍കോഡ് 74 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.