ഇല്‌ക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളത്തിന് ഒന്നാം സ്ഥാനം
തിങ്കള്‍, 22 ജൂണ്‍ 2015 (11:57 IST)
രാജ്യത്ത് ഇല്‌ക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളത്തിന് ഒന്നാം സ്ഥാനം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഇക്കഴിഞ്ഞ ജനവരി മുതല്‍ ജൂണ്‍ ഒന്നുവരെ നടത്തിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്‍. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടു പിന്നില്‍ ഉള്ളത്. കഴിഞ്ഞ മാസം വരെ അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 1000 പേര്‍ 38,639.10 ഇലക്ട്രോണിക് ഇടപാടുകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നികുതിയടക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍ മറ്റ് സബ്‌സിഡികള്‍ തുടങ്ങിയവ ഓണ്‍ലൈനായി നല്‍കല്‍, വെള്ളക്കരം, ടെലിഫോണ്‍ബില്‍, വൈദ്യുതി ബില്‍ തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനം വഴി അടയ്ക്കല്‍, സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട വിവരങ്ങള്‍ വെബ്‌സൈറ്റുവഴി ലഭ്യമാക്കല്‍, മറ്റ് മൊബൈല്‍ ഗവേണന്‍സ് സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ നടന്നിട്ടുള്ള ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുപ്പതിലധികം സേവനങ്ങളാണ് നിലവില്‍ സംസ്ഥാനത്ത് ഇലക്ട്രോണിക് ആയി ലഭ്യമാകുന്നത്.