മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയിലേക്കെന്ന് കോടിയേരി

ശനി, 13 ജൂണ്‍ 2015 (12:22 IST)
ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണ്. വിഷയത്തില്‍ വിജിലന്‍സ് എഡിജിപി കോടതി ചമയരുത്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനായി അട്ടിമറി നടത്താനുള്ള ഒരു നിക്കവും  അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കുറ്റപത്രം നിലനിൽക്കുമോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അരുവിക്കരയിൽ കേരള കോൺഗ്രസിന്റെ പിന്തുണയ്ക്കായി മാണിയെ തൃപ്തിപ്പെടുത്താനാണു പുതിയ നീക്കത്തിലൂടെ ശ്രമം. കെ.എം.മാണിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് 309 സാക്ഷികളെ വിസ്തരിച്ചു എന്നാൽ ആരും കെഎം മാണിക്കെതിരെ തെളിവു നൽകിയില്ല. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നൽകിയിട്ടില്ലെന്നു മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നു വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

അതേസമയം, കെഎം മാണിക്കെതിരെ കുറ്റപത്രമില്ലെന്ന് കേട്ടുവെങ്കിലും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെഎം മാണിക്കെതിരെ കുറ്റപത്രമില്ലെന്ന് കേട്ടുവെങ്കിലും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ല. വിജിലൻസ് അന്വേഷണത്തിൽ ആക്ഷേപമുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ല. അന്വേഷണത്തില്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. അതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക