പിണറായിക്ക് മുന്നില്‍ സംഘപരിവാര്‍ മുട്ടുമടക്കി; ‘ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പ്രതിഷേധം അറിയിക്കാന്, പിണറായിയെ തടയില്ല’‍, കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി മംഗളൂരുവിലേക്ക്

ശനി, 25 ഫെബ്രുവരി 2017 (09:01 IST)
മംഗളൂരുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ച സംഘപരിവാര്‍ സംഘടനകള്‍ ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ട്. തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ ഒരു കാരണവശാലും തടയില്ലെന്നും ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ അറിയിച്ചു.  
 
ഈ ഒരു ആഹ്വാനത്തിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കണം. കേരളത്തില്‍ സമാധാനം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. 
 
അതേസമയം, മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയെ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രകടനം നടത്താനോ സംഘം ചേരാനോ ഹര്‍ത്താല്‍ നടത്താനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി.  അതിനിടെ കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ എക്‌സ്പ്രസില്‍ യാത്ര തിരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക