അതത് പ്രദേശങ്ങളില്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തില്‍ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ പത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ശാരീരിക അകലം പാലിക്കുക, കൈകഴുക, മാസ്‌ക് ധരിക്കുക എന്നീ ബ്രേക്ക് ദി ചെയിന്‍ ജീവിത രീതികള്‍ തന്നെയാണ്. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സാമൂഹ്യമായി അകറ്റി നിര്‍ത്താതിരിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം. അവര്‍ക്കാവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.