ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. മൊത്തം 16 പ്രതികളെയാണ് പിടിച്ചിരിക്കുന്നത്.
എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തു. ഇപ്പോള്‍ പ്രതികള്‍ അഗളി പൊലീസ് സ്റ്റേഷനിലാണുള്ളത്.
അതേസമയം, മധുവിനെ വനത്തില്‍ നിന്ന് പിടിച്ചുകൊണ്ടുവരാന്‍ പൊലീസിനെ സഹായിച്ച വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
മധുവിന്‍റെ തലയ്ക്ക് പിന്നിലും വാരിയെല്ലിനുമേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. തലയ്ക്കേറ്റ ക്ഷതങ്ങളാണ് ആന്തരിക രക്തസ്രാവത്തിന് കാരണമായത്.
മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇത് എത്രയും വേഗം നല്‍കണമെന്നും ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മധുവിന്‍റെ മൃതദേഹം സംസ്കരിച്ചത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മുക്കാലിയില്‍ വച്ച് ആദിവസി സംഘടകള്‍ തടഞ്ഞത് ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.