കതിരൂര്‍ മനോജ് വധം: സിബി‌ഐ അന്വേഷണത്തിന് വിജ്ഞാപനമായി

ശനി, 13 സെപ്‌റ്റംബര്‍ 2014 (17:54 IST)
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസ് സിബിഐയ്ക്ക കൈമാറുന്നതിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.  വിജ്ഞാപനം  കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്‌ അയച്ചുകൊടുത്തു. മനോജിനെ കൊന്നവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന സാഹചര്യത്തിലാണ്‌ കേസ്‌ സിബിഐയ്ക്ക്‌ കൈമാറാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്ത കാര്യവും വിജ്ഞാപനത്തില്‍ പറയുന്നു. 
 
കേസിലെ മുഖ്യപ്രതി വിക്രമനെ ക്രൈംബ്രാഞ്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. വിക്രമന്റെ ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ രണ്ടാഴ്ചയോളം പഴക്കമുള്ളതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. അതേസമയം  മനോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍എത്തിയാണ് അന്വേഷണ സംഘം ഡോ ഗോപാലകൃഷ്ണപിള്ളയുടെ മൊഴി രേഖപ്പെടുത്തിയത്‌. മനോജിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.  
 
മനോജും സഹായി പ്രമോദും സഞ്ചരിച്ചിരുന്ന വാനിനു നേരെ ബോംബെറിഞ്ഞ ശേഷമാണ് ആക്രമിച്ചതെന്ന് വിക്രമന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ബോംബ് പൊട്ടിയ സമയത്താണ് തനിക്ക് പൊള്ളലേറ്റതെന്നും വിക്രമന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പരുക്കിന്റെ ആധികാരികത ഉറപ്പാക്കാന്‍ വിക്രമനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക