വെടിവെപ്പ്: കേന്ദ്രം ഇടപെട്ടു, എല്ലാം നിയന്ത്രണവിധേയമെന്ന് ഡിജിപി

വ്യാഴം, 11 ജൂണ്‍ 2015 (09:18 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയല്‍ കേരള ഡിജിപി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.
 
അതേസമയം, അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തെ കേന്ദ്രം അതീവ ഗൌരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ ഇടപെടുകയും കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയലിനോട് വിവരങ്ങള്‍ തേടുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഈ വിവരങ്ങള്‍ ഗോയല്‍ രാജ്‌നാഥ് സിംഗിനെ അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി വ്യക്തമാക്കിയെങ്കിലും വിവരങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു. 
 
പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികളെടുക്കാന്‍ സിഐഎസ്.എഫ്. ഡയറക്ടര്‍ ജനറലിനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.വ്യാഴാഴ്ച സിഐഎസ്എഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും എന്‍സി ഗോയല്‍ അറിയിച്ചു. കോഴിക്കോട് എംപി എംകെ രാഘവനും സ്ഥിതിഗതികള്‍ ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചു. അതേസമയം ഇന്ന് വിമാനത്തവാളത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. 
 

വെബ്ദുനിയ വായിക്കുക