കൊച്ചി: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും ഇടക്കാല നഷ്ടപരിഹരം നൽകാൻ എയർ ഇന്ത്യ. മരിച്ചവരിൽ 12 വയസിന് മുകളിലുള്ളവർക്ക് 10 ലക്ഷം രൂപയും 12 വയസിൽ താഴെയുള്ളവർക്ക് അഞ്ച് ലക്ഷം രൂപയുമാണ് ഇടക്കാല നഷ്ടപരിഹാരമായി നൽകുക. പരിക്കേറ്റവർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം നൽകുന്നത്. 55 പേരുടെ അക്കൗണ്ടുകളിലേയ്ക്ക് തുക കൈമാറി.
പൂർണമായ നഷ്ടപരിഹാര തുക ലഭിയ്ക്കുന്നതിന് സമയം എടുക്കും എന്നതിനാലാണ് ഇടക്കാല നഷ്ടപരിഹാരമായി തുക കൈമാറാൻ തീരുമാനിച്ചത്. ഇതിനായി പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയൽ രേഖകളും പ്രത്യേക വാട്ട്സ് ആപ്പ് നമ്പർ വഴി ശേഖരിച്ചാണ് തുക കൈമാറുന്നത്. പരിക്കേറ്റവർക്കുള്ള ഇടക്കാല നഷ്ടപരിഹാരം ഓണത്തിന് മുൻപ് നൽകാനാണ് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതരുടെ തീരുമാനം. മരിച്ചവരുടെ അനന്തരാവകാശികളൂടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായ ശേഷമായിരിയ്ക്കും ഇടക്കാല നഷ്ടപരിഹാരം നൽകുക.