കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിഎസ് നിലപാട് വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (10:46 IST)
ഫസല്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും മത്സരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്താണ് ആഭ്യന്തരമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. 
 
കാരായിമാരെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയതിലൂടെ അക്രമ രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്‍മാരാണ് സി പി എമ്മെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.  തെരഞ്ഞെടുപ്പ് അക്രമ - വിദ്വേഷ രാഷ്‌ട്രീയങ്ങള്‍ക്ക് എതിരായ വിധിയെഴുത്താകുമെന്നും ചെന്നിത്തല പറഞ്ഞു.
 
നയത്തിലും പരിപാടിയിലും ഉണ്ടായ അപചയമാണ് സി പി എമ്മിനെ ഇന്നത്തെ ദുരന്തത്തില്‍ എത്തിച്ചത്.  കാലാകാലങ്ങളില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച സി പി എം നടപടി മൂലം അവരുടെ പ്രവര്‍ത്തകര്‍ ഇന്ന് ബി ജെ പിയിലേക്ക് വ്യാപകമായി പോകുകകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഇടതുമുന്നണിയും സി പി എമ്മുമാണ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ മുഖ്യ എതിരാളികള്‍. രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ ആര്‍ക്കും അവകാശമുണ്ടെങ്കിലും വര്‍ഗീയതയുടെ പേരിലുള്ള പാര്‍ട്ടികളെ ജനം അംഗീകരിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക