ഇടതു- വലതു പാര്‍ട്ടികള്‍ മാക്രികൂട്ടങ്ങളോ ?; ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കുമെന്ന് പറയൂ - മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി
വെള്ളി, 19 മെയ് 2017 (17:10 IST)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എംപി. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമം നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ സംയമനം പാലിച്ചാൽ ജില്ലയില്‍ സംഘര്‍ഷം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാന്‍ ശ്രമമല്ല, ആര്‍ജവമാണ് വേണ്ടത്. ആര് ആയുധമെടുത്താലും അവസാനിപ്പിക്കുവെന്ന് പറയാനുള്ള ആര്‍ജവമാണ് സര്‍ക്കാരിന് വേണ്ടത്. ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ആശങ്കയുണ്ട്. സംശയദൃഷ്ടിയോടെ മാത്രമേ ഈ നീക്കങ്ങളെ കാണാനാകുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇടതു -വലതു സഖ്യങ്ങൾ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നിൽക്കുകയാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ ഇടതു വലതു പാര്‍ട്ടികള്‍ അനുവദിക്കില്ല. പല കാരണങ്ങള്‍ നിരത്തി പദ്ധതികളെ നിര്‍ജ്ജീവമാക്കാനാണ് ഈ മാക്രികൂട്ടങ്ങള്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.