മതത്തിന്റെ കാര്യം മതപണ്ഡിതർ പറഞ്ഞാൽ മതിയെന്നും ഇല്ലെങ്കിൽ അത് അപകടം സൃഷ്ടിക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അർഹതയില്ലാത്തവരുടെ അഭിപ്രായങ്ങളാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കി. ‘മാപ്പിള മലബാറിന്റെ സാമൂതിരിയോര്‍മകള്‍’ എന്ന പേരില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമത്തില്‍ സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോവണം. അര്‍ഹതയില്ലാത്തവരുടെ അഭിപ്രായങ്ങളാണ് അപകടമുണ്ടാക്കുന്നത്. ശരീഅത്ത് സമ്മേളനങ്ങള്‍ പോലും മറ്റുള്ളവരെ പരിഹസിക്കാനാണ് ചിലര്‍ ഉപയോഗിക്കുന്നത്. ഇസ്ലാമും മുസ്ലിമും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. മതത്തെ ഉപയോഗിച്ച് ജനങ്ങളെ വിവിധ ചേരിയിലാക്കി രാഷ്ട്രീയലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവർക്കെതിരെ മതസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും കാന്തപുരം പറഞ്ഞു.