പ്രമേഹത്തേയും അണുബാധയേയും തുടര്‍ന്ന് തന്റെ കാല്‍പാദം മുറിച്ചുമാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ കുറേ കാലമായി രാഷ്ട്രീയ രംഗത്തു നിന്ന് മാറിനില്‍ക്കുകയാണ് കാനം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തതെന്നും തളരാതെ തിരിച്ചുവരുമെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാനം പറഞ്ഞു.
വലതു കാലിന്റെ അടിഭാഗത്തു ഒരു മുറിവുണ്ടായി. പ്രമേഹം മൂലം അത് ഉണങ്ങിയില്ല. രണ്ട് മാസമായിട്ടും മുറിവ് കരിയാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പോയി. അപ്പോഴേക്കും പഴുപ്പ് മുകളിലേക്ക് കയറിയിരുന്നു. രണ്ട് വിരലുകള്‍ മുറിച്ചുകളയണമെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. ഓപ്പറേഷന്‍ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിട്ടും അണുബാധയ്ക്ക് കുറവുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാല്‍പാദം മുറിച്ചു മാറ്റിയെന്നും കാനം പറഞ്ഞു.