കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കും, ജീവിച്ചിരുന്നപ്പോള്‍ മണിയെ അകറ്റി നിര്‍ത്തിയവര്‍ ഇപ്പോള്‍ മണിയെ ദൈവമെന്ന് വിശേഷിപ്പിക്കുന്നെന്നും സംവിധായകന്‍ വിനയന്‍

ബുധന്‍, 23 മാര്‍ച്ച് 2016 (10:08 IST)
കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന്‍ വിനയന്‍. ജീവിച്ചിരുന്നപ്പോള്‍ മണിയെ ഒരു കാതം അകലെ നിര്‍ത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നതെന്നും വിനയന്‍ പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
മലയാളസിനിമ കലാഭവന്‍ മണിയോടു നീതിപുലര്‍ത്തിയിട്ടില്ല. മതിയായ പരിഗണന മണിക്ക് ലഭിച്ചിരുന്നെങ്കില്‍ വടവൃക്ഷമായി മണി മാറേണ്ടതായിരുന്നു. എന്നാല്‍, മലയാളസിനിമയില്‍ ഇപ്പോഴും വരേണ്യവര്‍ഗ മേധാവിത്വം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
നാടന്‍പാട്ട് എന്ന കലാശാഖയെ മലയാളത്തിലേക്ക് തിരിച്ചു കൊണ്ടുവന്നയാളാണ് മണി. അങ്ങനെയുള്ള മണിയെ ഒരു ഫെലോഷിപ്പ് നല്കി ആദരിക്കാന്‍ പോലും സംഗീതനാടക അക്കാദമിക്കു കഴിഞ്ഞിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.
 
എന്നാല്‍, മണിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ജീവനുള്ള കാലത്തോളം സമ്മതിക്കില്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‌ണന്‍ പറഞ്ഞു. മണിയുടെ മരണത്തെക്കുറിച്ചുള്ള് കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക