കലാഭവന്‍ മണിയുടെ മരണം: ജാഫർ ഇടുക്കിക്ക് പിന്നാലെ നടൻ സാബുവിനേയും പൊലീസ് ചോദ്യം ചെയ്യും

വ്യാഴം, 17 മാര്‍ച്ച് 2016 (12:01 IST)
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും മാധ്യമപ്രവർത്തകനും മണിയുടെ സുഹൃത്തുമായ സാബുവിനെ പൊലീസ് ചെയ്യും. മണിയുടെ മരണവുമായി സംബന്ധിച്ച് നടൻ ജഫർ ഇടുക്കിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പൊലീസിന്റെ പുതിയ നീക്കം. സാബുവിനെ ചോദ്യം ചെയ്യാനായി പൊലീസ് തൃശൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
 
മണിയോടൊപ്പം ഒടുവിൽ ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള അഞ്ച് സുഹൃത്തുക്കളെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മണി മരിക്കുന്നതിന് മുന്‍പുള്ള ദിവസം സാബു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്ന ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മരിക്കുന്നതിന് മുൻപ് മണിക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നത്. 
 
മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ മണിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മരണത്തിന്റെ തലേ ദിവസവും മണി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു കലാഭവന്‍ മണിയുടെ മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ, കേസില്‍ കൃത്യമായ നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയുള്ളൂ. കാക്കനാട് ലബോറട്ടറിയാലാണ് മണിയുടെ ആന്തികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക