മണിയുടെ മരണം: പിണറായി സർക്കാർ കൈയ്യൊഴിഞ്ഞു, രാമകൃഷ്ണൻ രാജ്നാഥ് സിങ്ങിന്റെ സഹായം തേടി

തിങ്കള്‍, 3 ഏപ്രില്‍ 2017 (09:27 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. ആലുവ പാലസില്‍ എത്തിയാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിങ്ങിനെ കണ്ടത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആഭ്യന്തര മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സഹായവുമായി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.
 
എന്തുകൊണ്ടാണ് തങ്ങള്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടതെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. മണിയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെടാനുണ്ടായ കാരണങ്ങള്‍ ഇവയാണ്.
 
1. അബോധവസ്ഥയിലായി ചികിത്സയ്ക്കു കൊണ്ടുചെന്ന എറണാകുളത്തെ സ്വകാര്യആശുപത്രിയിലെയും കാക്കനാട്ടെ രാസപരിശോധനാകേന്ദ്രത്തിലെയും ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയിലെയും രാസപരിശോധനാ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പരിശോധിച്ച മണിയുടെ രക്തത്തിലും മൂത്രത്തിലും മെഥനോള്‍ (മിഥൈല്‍ ആള്‍ക്കഹോള്‍), ഈഥൈല്‍ ആല്‍ക്കഹോള്‍, ഡയസെപാം എന്നിവയാണ് കണ്ടെത്തിയത്. കാക്കനാട്ടെ പരിശോധനയില്‍ ക്ലോറൈപറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൈദരാബാദിലെ പരിശോധനയില്‍ മെഥനോളിന്റെ അംശം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്ലോറൈപറിഫോസ് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
 
2. ചാരായമോ മറ്റു മദ്യങ്ങളോ (ടിന്‍ബിയറല്ലാതെ) ഉപയോഗിക്കാത്ത മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ എങ്ങനെ വന്നു? അങ്ങനെ മദ്യം അകത്തു ചെന്നിട്ടുണ്ടെങ്കില്‍ ഗരുതരമായ കരള്‍ രോഗമുണ്ടെന്നറിഞ്ഞിട്ടും ആരു നല്‍കി?
 
3. മണിയുടെ മരണത്തില്‍ കുട്ടുകാര്‍ക്കും പ്രൈവറ്റ്സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും ഉണ്ടാകാവുന്ന പങ്കിനെക്കുറിച്ച് കുടുംബാംഗങ്ങളും അടുത്തറിയാവുന്നവരും മൊഴിനല്‍കിയിട്ടും അത്തരത്തില്‍ അന്വേഷണം എന്തുകൊണ്ട് കാര്യക്ഷമമാക്കിയില്ല.
 
4. കേസ്സന്വേഷണത്തിന് കേരളത്തിലെ തന്നെ അറിയപ്പടുന്ന ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണംകൊണ്ട് ഇനി കാര്യമുണ്ടെന്നു തോന്നിയില്ല.
 
5. നിഷ്പക്ഷമായി അന്വേഷണം ഉണ്ടാകണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്ന ഉത്തമബോധ്യമുണ്ടായി.
 
രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കലാഭവൻ മണി മരിച്ചപ്പോൾ മാധ്യമങ്ങൾ പിന്നാലെ ആയിരുന്നു. മരണ കാരണം പല മാധ്യമങ്ങളും പല തരത്തിലുള്ള രോഗങ്ങളുടെ പേരുകൾ പറഞ്ഞു തന്നു 'വ്യക്ക പഴുത്ത് പൊട്ടിയൊലിച്ചു. കരൾ ഉണ്ടായിരുന്നില്ല എന്നൊക്കെ! എന്നാൽ മരണത്തിൽ സംശയം തോന്നിയ കുടുംബക്കാർ പോലീസ് അന്വേഷണത്തിൽ ആദ്യഘട്ടം വിശ്വസിച്ചു. എന്നാൽ പിന്നീട് മനസ്സിലായി ചതിയാണെന്ന്. 
 
കുറേ പോലീസ് സംഘങ്ങളെ അന്വേഷണ ഉദ്യോഗസ്ഥരായി കൂട്ടിചേർത്തു. അന്വേഷണ സംഘത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹം നടിച്ചെത്തിയ ഒരു ചാരവനിതയുമായി ബന്ധമുള്ള ആളായിരുന്നു. അവരെ ചെറുപ്പത്തിൽ പ്രേമിച്ചിരുന്നത്രെ ഈ ഉദ്യോഗസ്ഥൻ? ഈ സ്ത്രീയുടെ ഉപദേശപ്രകാരം ഒരു ദിവസം ഉദ്യോഗസ്ഥൻ യൂണിഫോമിലല്ലാതെ സിവിൽ ഡ്രസ്സിൽ വന്നു. വീട്ടുകാരുമായി സംസാരിച്ചു. 
 
അതിനു ശേഷം കേസ് ഒന്നുമല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ പെട്ടെന്ന് നുണപരിശോധന പ്രഖ്യാപിച്ചു. ഇതേ ഉദ്യോഗസ്ഥൻ മുൻപ് രണ്ട് ദുരുഹ മരണത്തിലും ഇപ്രകാരം നുണപരിശോധന നടത്തുകയും തെളിവില്ല എന്ന് പറഞ്ഞ് കേസ് തള്ളുകയും ചെയ്തു. വീണ്ടും ഇതേ കേസ് മറ്റ് ഉദ്യോഗസ്ഥർ അന്വേഷിക്കുകയും കേസ് തെളിയുകയും, പ്രതികൾ ശിക്ഷിക്കപ്പെട്ട് ഇന്ന് ജയിലിലാവുകയും ചെയ്തു. ഇതേ സംഭവം കലാഭവൻ മണിയുടെ കേസിലും ആവർത്തിക്കുകയാണ്. 
 
നുണപരിശോധന നാടകം നടത്തി വൈരുദ്ധ്യങ്ങൾ ഇല്ലെന്നു പറഞ്ഞ് സംശയിക്കപ്പെടുന്നവർക്ക് ക്ലീൻ ഇമേജ് കൊടുത്തു. എന്നാൽ ഇന്നലെ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ മെഥനോളാണ് മരണകാര്യം എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. പാഡിയിൽ വാറ്റുചാരായം കഞ്ചാവുംകഴിക്കുന്നത് ആരെല്ലാമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. നുണ പരിശോധന സത്യസന്ധമായിരുന്നെങ്കിൽ ഇത് ഉപയോഗിച്ച അരുണും, വിപിനും നുണ പരിശോധനയിൽ സത്യം പറഞ്ഞിട്ടുണ്ടാകണം. അത് പോലീസ് വെളിപ്പെടുത്താത്തതാണ്. 
 
അവസാനം ഉത്തരം മുട്ടിയപ്പോൾ സത്യം കോടതിയിൽ ബോധിപ്പിക്കേണ്ടി വന്നു. കേരളത്തിലെ ലാബിൽ തെളിഞ്ഞ കാര്യങ്ങൾ ആരെക്കെയോ രക്ഷപ്പെടുത്തുന്നതിനു വേണ്ടി ഹൈദരാബാദിലേക്ക് അയച്ചു. എന്നിട്ടും അതിൽ 44% മെഥനോൾ അപ്പോഴും പോലീസിനു മനസ്സിലായില്ല മെഥനോളാണ് മരണകാരണം എന്ന്. അപ്പോഴും മണി കുടിച്ച് രോഗം വന്ന് മരിച്ചതാണെന്ന് പറഞ്ഞു പരത്തി. സ്നേഹമുള്ളവരെ ഇപ്പോഴും കുപ്രചരണങ്ങൾ നടക്കുന്നുണ്ട് മണിക്ക് മാരകമായ അസുഖങ്ങൾ കൊണ്ടാണ് മരിച്ചതെന്ന്! എന്റെ ചേട്ടൻ മാരകമായ അസുഖം കൊണ്ടല്ല മരിച്ചത് എന്ന് ഞാൻ തെളിവുകൾ നിരത്തി കാണിച്ചു തരാം.
 
എല്ലാ ലാബോറട്ടറി പരിശോധനകളും വ്യക്തമായി പരിശോധിച്ചിട്ടു തന്നെയാണ് ഞാൻ ഈ കേസിലേക്ക് ഇറങ്ങിയത്. മറ്റൊരു കുപ്രചരണവും നടക്കുന്നുണ്ട് ചേട്ടന്റെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെയെന്നും. മണി ചേട്ടന്റെ വീട്ടിൽ ഭയങ്കര സ്വത്തു തർക്കമാണെന്നും. ഇതെല്ലാം ഈ കേസിൽ നിന്നും പിൻതിരിപ്പിക്കാനുള്ള തന്ത്രങ്ങളാണ് എന്ന് ആർക്കും മനസ്സിലാകും. ജീവൻ പോയാലും ഞങ്ങൾ കൂടപിറപ്പുക്കൾ ഇതിൽ നിന്നും പിൻ വാങ്ങില്ല. 
 
ഞങ്ങൾ പട്ടിണിസമരം നടത്തി മരിക്കാനും തയ്യാർ. മണി ചേട്ടനെ സ്നേഹിക്കുന്നവർ ഒപ്പം ഉണ്ടാകും എന്ന് ഉറച്ച വിശ്വാസമുണ്ട് തീർച്ച. പ്രിയ മാധ്യമ പ്രവർത്തകരെ നിങ്ങൾ കാത്തിരുന്ന ഉത്തരം കണ്ടെത്തി! മരണകാരണം മെഥനോൾ. ഇത് മദ്യം അല്ല മാരകമായ ആസിഡാണ് ഇത് ആര് കൊണ്ടുവന്നു? മണി ചേട്ടന്റെ ഉള്ളിൽ എങ്ങനെ എത്തി.? ഇതിനുള്ള ഉത്തരം കിട്ടിയാൽ മണി ചേട്ടനെ ഇല്ലാതാക്കിയത് ആരെന്നറിയാം?

വെബ്ദുനിയ വായിക്കുക