'സുനിതയുടെ വീട്ടില്‍ എത്തിയപ്പോഴേക്കും ഞാന്‍ നന്നേ കിതച്ചു പോയി, അന്ന് അവിടെ അടുപ്പ് പുകഞ്ഞിട്ടില്ല, ഉച്ചയ്ക്കും പുകയുന്ന മട്ടില്ല'; വേദനയോടെ തോമസ് ഐസക്
ബുധന്‍, 3 ഓഗസ്റ്റ് 2016 (09:50 IST)
കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കൂട്ടായ ഇടപെടൽ ഉണ്ടായാൽ ആദിവാസികളുടെ പ്രശങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കക്കയം ജലയാത്ര കഴിഞ്ഞ് തോമസ് ഐസകും കൂട്ടരും പോയത് സുനിതയെന്ന ആദിവാസി പെൺകുട്ടിയുടെ വീട്ടിലേക്കാണ്. അവരുടെ ജീവിതത്തിന്റെ ദുരിതമറിഞ്ഞ മന്ത്രി ഇക്കാര്യം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിവേദനം തരാന്‍ ആണ് സുനിത എന്‍റെയടുത്ത് വന്നത്. കക്കയം ജലയാത്ര കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ വട്ടം വളഞ്ഞിരിക്കുകയായിരുന്നു. സുനിത പണിയ ആദിവാസികുട്ടി ആണ് . തൊണ്ണൂറ്റിയേഴ് ശതമാനം മാര്‍ക്കോടെ പത്താം തരം പാസ്സായ മിടുക്കി . വീട്ടില്‍ നിന്ന് പഠിക്കാന്‍ ഉള്ള സാഹചര്യം ഇല്ല. അത് കൊണ്ട് ചില സുമനസുകള്‍ സുനിതയെ സമീപത്തുള്ള കോണ്‍വെന്റ് ബോര്‍ഡിംഗ് സ്കൂളില്‍ പ്ലസ് വണ്ണിനു ചേര്‍ത്തിരിക്കുകയാണ്.
ഫേസ് ടൂ ഫേസ്, മീഡിയ, തായ് വാരം എന്നിങ്ങനെ മൂന്ന് ഫേസ്ബുക്ക് കൂട്ടായ്മകള്‍ ആണ് ഇതിനു മുന്‍കൈ എടുത്തത്. സുനിതയ്ക്ക് സ്വന്തം കാര്യമല്ല. തങ്ങളുടെ കോളനിയുടെ ദയനീയാവസ്ഥയെ കുറിച്ചാണ് പറയാന്‍ ഉണ്ടായിരുന്നത്. റോഡില്ല, വെള്ളമില്ല. വീടുകള്‍ ചോര്‍ന്നു തുടങ്ങി. ഞാന്‍ കോളനി സന്ദര്‍ശിക്കാം എന്ന് പറഞ്ഞതിന് ശേഷം സുനിതയെ പക്ഷെ അവിടെങ്ങും കണ്ടില്ല . എന്‍റെ വണ്ടി എത്തും മുന്‍പേ വീട്ടില്‍ എത്താന്‍ വേണ്ടി ഓടിയതാണ്. ബാലുശ്ശേരി എം എല്‍ എ പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ എല്ലാവരും കൂടി അവിടേക്ക് എത്തി.
അമ്പലക്കുന്ന് കയറ്റം ദുഷ്കരം എന്ന് പറയാതെ നിവൃത്തി ഇല്ല. വണ്ടികള്‍ പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു. സുനിതയുടെ വീട്ടില്‍ എത്തിയപ്പോഴേക്കും ഞാന്‍ നന്നേ കിതച്ചു പോയി . ചുമ്മാതല്ല കുട്ടികള്‍ സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുന്നത്. സ്കൂള്‍ ആണെങ്കില്‍ അഞ്ച് കി. മി അപ്പുറം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന് അടുത്താണ്.
റോഡ് പണിയാന്‍ ടെണ്ടര്‍ വിളിക്കാന്‍ പോകുകയാണെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. സുനിതയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി, അമ്മ മനോരോഗി ആണ്. ചേച്ചി മിനി ഹൈഡല്‍ ടൂറിസം പ്രോജെക്ടില്‍ ദിവസക്കൂലിക്കാരി ആയി ജോലി ചെയ്യുന്നു. ഇന്ന് പ്രാതല്‍ എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ സുനിത ആദ്യം പറയാന്‍ മടിച്ചു. അന്ന് അടുപ്പ് പുകഞ്ഞിട്ടില്ല. ഉച്ചയ്ക്കും പുകയുന്ന മട്ടില്ല. ഇത് ഒറ്റപ്പെട്ടതല്ല. അടുത്തുള്ള പല വീടുകളുടെയും സ്ഥിതി അത് തന്നെ.
ഒരാഴ്ചയിലേറെ ആയി ജോലി കിട്ടിയിട്ടില്ല എന്ന് അടുത്ത വീട്ടുകാരി പറഞ്ഞു. തൊഴിലുറപ്പില്ലേ? എന്ന എന്‍റെ ചോദ്യത്തിന് അവര്‍ എന്നെ തൊഴിലുറപ്പിന് കൂട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. കോളനിയിലെ വീടുകളുടെ എല്ലാം അറ്റകുറ്റപ്പണിക്കും, കുടിവെള്ളം എത്തിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കാം എന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഓരോ വീടിനും മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് വൈദ്യുതി ബോര്‍ഡിലെ എം ജി സുരേഷ് കുമാര്‍ നേതൃത്വം നല്‍കും.
ഉദാഹരണത്തിന് സുനിതയുടെ വീട്ടില്‍ അമ്മയ്ക്ക് ചികിത്സ വേണം. ആഴ്ചയില്‍ കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണം എങ്കിലും പാക്കറ്റ് ആയി നല്‍കണം. വീടിന്റെ അറ്റകുറ്റ പണി. അമ്മയുടെ ചികിത്സ, ആഴ്ച തോറും ഉള്ള ഭക്ഷണം ഇവ മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുവാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയെ ഉപയോഗപ്പെടുത്താം. എം എല്‍ എ ഫണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ബസ് അനുവദിക്കാം എന്ന് എം എല്‍ എ പുരുഷന്‍ കടലുണ്ടിയും വാഗ്ദാനം ചെയ്തു. ഈ രീതിയില്‍ കൂട്ടായി ഇടപെട്ടാല്‍ കേരളത്തിലെ ആദിവാസി പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്നെനിക്ക് ഉറപ്പുണ്ട്.
സുനിതയുടെ പഠനകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പാളും, പി ടി എ പ്രസിഡന്റും വാര്‍ഡ് മെമ്പറും ഒക്കെ അംഗങ്ങളായി ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട് .