പിണറായി വിജയൻ സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട്‌ വെറും കാപട്യമാണെന്ന് കെ സുരേന്ദ്രന്‍

Webdunia
ഞായര്‍, 29 മെയ് 2016 (10:15 IST)
പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട് വെറും കാപട്യമാണെന്ന് അധികാരത്തിലേറിയ നാലാം ദിവസം പുറത്ത് വന്നുവെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളിൽ ഒന്നായ കൺസ്യൂമർ ഫെഡ്‌ കേസിലെ മുഖ്യപ്രതിയും സി ഐ ടിയു നേതാവുമായ ആര്‍ ജയകുമാറിനെ തിരിച്ചെടുത്ത സര്‍ക്കാരിന്റെ നടപടി വ്യക്തമാക്കുന്നത് ഇതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
 
കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
പിണറായി വിജയൻ സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട്‌ വെറും കാപട്യമാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം സർക്കാർ അധികാരമേറ്റ്‌ വെറും നാലുദിവസത്തിനുള്ളിൽ പുറത്തു വന്നിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളിൽ ഒന്നായ കൺസ്യൂമർ ഫെഡ്‌ അഴിമതിക്കേസിലെ മുഖ്യപ്രതിയും സി ഐ ടി യു നേതാവുമായ ആർ. ജയകുമാറിനെ സർക്കാർ സർവ്വീസിൽ തിരിച്ചെടുത്തിരിക്കുന്നു...
 
200 കോടിയിലധികം രൂപയുടെ അഴിമതി നടന്ന കേസാണിത്‌. അന്നത്തെ ഭരണമുന്നണിയിലേയും പ്രതിപക്ഷമുന്നണിയിലേയും നേതാക്കൾ പ്രതികളായ കേസ്സാ ണിതെന്നും ഓർക്കുക . കൺസ്യൂമർ ഫെഡ്‌ അഴിമതിക്കെതിരെ അന്നത്തെ പ്രതിപകഷം ഒരക്ഷരം ശബ്ദിക്കാതിരുന്നത്‌ വലിയ ചർച്ചയായതാണ്. നാലു കേസ്സുകളാണ് ആർ. ജയകുമാറിനെതിരെയുള്ളത്. 
 
ഒരു കേസിൽ മാത്രം സംശയത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെട്ട ഈ തൊഴിലാളി നേതാവിനെ ഒരു പരിശോധനയും കൂടാതെ തിരിച്ചെടുത്തതോടെ പിണറായി സർക്കാർ അഴിമതിക്കാരോട്‌ എന്ത്‌ നിലപാടായിരിക്കും സ്വീകരിക്കാൻ പോകുന്നതെന്നു വ്യക്തമായി. 
 
മലപ്പുറം ജില്ലയിലെ ഒരു വില്ലേജ് ഓഫീസർ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ സംഭവം റവന്യൂ മന്ത്രി വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഈ അഴിമതി രാജാവിനെ ഇടതു സർക്കാർ തിരിച്ചെടുത്തത് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
Next Article