മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെ സുധാകരൻ, മണിയുടെ രൂപം അത് തന്നെയല്ലേയെന്ന് അധിക്ഷേപം
തിങ്കള്‍, 18 ജൂലൈ 2022 (15:54 IST)
എംഎം മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിനെ പിന്തുണച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. അത് തന്നെയല്ലേ അദ്ദേഹത്തിൻ്റെ മുഖമെന്നും ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോയെന്നും സുധാകരൻ അധിക്ഷേപിച്ചു.
കെകെ രമയ്ക്ക് നേരെ എംഎം മണി നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ കോൺഗ്രസിൻ്റെ മാർച്ച്. മാർച്ചിൽ ചിമ്പാൻസിയുടെ ശരീരത്തിനൊപ്പം എംഎം മണിയുടെ മുഖം ചേർത്തുകൊണ്ടുള്ള കട്ടൗട്ട് വിവാദമായിരുന്നു.
മണി അങ്ങനെ ആയതിന് ഞങ്ങൾ എന്ത് പിഴച്ചു എന്നായിരുന്നു ഇത് സംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് സുധാകരൻ ചോദിച്ചത്. മഹിളാ കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചുവെങ്കിൽ അത് അവരുടെ മാന്യതയാണെന്നും മണിക്ക് അതൊന്നുമില്ലെന്നും സുധാകരൻ പറഞ്ഞു.