ഹൈക്കമാൻഡ് എന്നാൽ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെസി വേണുഗോപാലാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. വേണുഗോപാലിന്റെ താത്‌പര്യങ്ങൾക്ക് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് എന്ന പദവിയിൽ നിന്നും രാജിവെക്കാത്തത് തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നും ചാനൽ അഭിമുഖത്തിനിടെ സുധാകരൻ തുറന്നടിച്ചു.
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താൻ കൊടുത്തിരുന്നു. അതിൽ വലിയ ശതമാനം പേർ തള്ളിപോയി. എന്തുകൊണ്ട് ആ പേരുകൾ ഒഴിവാക്കി എന്ന കാര്യം ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോൾ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാൾ വേണ്ടപ്പെട്ടവർ എന്ന പരിഗണനയാണു നേതാക്കൾ നൽകിയത്.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കാണ്. കെപിസിസി പ്രസിഡന്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നിരാശ സമ്മാനിച്ച സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.