25 ലക്ഷം നൽകിയത് കെ സുധാരന്റെ സാന്നിധ്യത്തിലെന്ന് പരാതിക്കാരൻ, മോൻസന്റെ ഉന്നതബന്ധങ്ങൾ ഞെട്ടിപ്പിക്കുന്നത്

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (13:06 IST)
മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ ഗുരുതരാരോപണം. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. 
 
സുധാകരന്‍റെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് തന്റെ പേരിലുള്ള പണം വിടുവിക്കാമെന്നും ഇതിനായി അടിയന്തിരമായി 25 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു മോൻസൻ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നത്. നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ദില്ലിലിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. അതേസമയം 2018ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപി ആയിരുന്നില്ല.
 
 കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.കൂടാതെ ന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്.
 
 മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ച വിവരങ്ങളടക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍