കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ചു തൂങ്ങില്ലെന്നും വിട്ടുകൊടുക്കില്ലെന്ന വാശിയുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധ്യക്ഷപദവിയില്‍ കടിച്ചു തൂങ്ങുന്ന ആളല്ല താന്‍. എഐസിസിക്ക് ആരെയും കെപിസിസി പ്രസിഡണ്ടായി നിയമിക്കാം. പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും തന്റെ വലിയ സ്വപ്നമൊന്നുമല്ല കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും കെ സുധാകരന്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയം സിപിഎമ്മിന് എതിരെയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ഏഴെട്ട് വയസ്സ് മുതല്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. ആ പ്രവര്‍ത്തനം തുടരും. കെപിസിസി പ്രസിഡന്റ് മാറിയാല്‍ പ്രതിപക്ഷ നേതാവ് മാറണമെന്നൊന്നില്ല. ഇത് രണ്ടും തമ്മില്‍ ബന്ധമൊന്നുമില്ല. ഇതിനെ കണക്ട് ചെയ്യേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.