നിലവിലേത് ഹിറ്റ്‍ലറിന്റെ കാലഘട്ടത്തിന് സമാനമായ രീതി: സച്ചിദാനന്ദന്‍

Webdunia
വെള്ളി, 13 നവം‌ബര്‍ 2015 (10:56 IST)
ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നത് ഹിറ്റ്‍ലറിന്റെ കാലഘട്ടത്തിന് സമാനമായ രീതിയിലെന്ന് എഴുത്തുകാരന്‍ കെ സച്ചിദാനന്ദന്‍. നാസികള്‍ ജര്‍മ്മനിയില്‍ വേരുറപ്പിച്ചതിന് സമാനമായ രീതിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ജനാധിപത്യ മൂല്യങ്ങളുപയോഗിച്ച് ഭരണഘടനയെ നിശബ്ദമാക്കുകയാണ്. അസഹിഷ്‍ണുതയ്‍ക്കെതിരെ നിലവിലുള്ളതിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അസഹിഷ്‍ണുതയ്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് ശക്തമായ് ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. ഗിരീഷ് കര്‍ണാടിന് നേരെ ഉണ്ടായ വധഭീഷണി ഓരോ എഴുത്തുകാരനെയും കാത്തിരിക്കുന്നുണ്ട്. തിരികെ നല്‍കിയ അവാര്‍ഡുകള്‍ സ്വീകരിക്കണമെന്ന സാഹിത്യ അക്കാദമിയുടെ ആവശ്യത്തെ തള്ളിക്കളയുന്നു. പ്രതിഷേധം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ല. ഝാന്‍സി റാണിയെയും പഴശ്ശിരാജയേയും ആദരിക്കാമെങ്കില്‍ എന്തുകൊണ്ട് ടിപ്പുവിനെതിരെ എന്തിനാണ് പ്രതിഷേധം. ബിഹാറിലെ ബിജെപിയുടെ പരാജയഫലം പ്രത്യാശയുടേയും പ്രതിരോധത്തിന്റേയും ചിത്രമാണ് നല്‍കുന്നതെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.