കോണ്‍ഗ്രസിലെ അടിപിടി; മുരളീധരൻ ഡല്‍ഹിക്ക് - സുധീരനെ ഒതുക്കാന്‍ വന്‍‌ശക്തികള്‍!

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (15:49 IST)
സഹകരണ പ്രതിസന്ധിയിൽ ഇടതുപക്ഷവുമായി ചേർന്ന് സമരം നടത്തുന്നതിനെച്ചൊല്ലി കോൺഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അനൈക്യം ഹൈക്കമാൻഡിനെ അറിയിക്കാൻ കെ മുരളീധരൻ എംഎൽഎ ഡൽഹിക്ക് പോകും.

സംസ്ഥാന കോണ്‍ഗ്രസിലെ അടിപിടികള്‍ ഹൈക്കമാൻഡില്‍ മുരളീധരൻ ശക്തമായി ഉന്നയിക്കുമെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസില്‍ അടുത്ത പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണ്.

സഹകരണ പ്രതിസന്ധി സമരത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കാത്ത സംസ്ഥാന നേതൃത്വത്തെ മുരളീധരന്‍ വിമര്‍ശിച്ചു. സമരകാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഷ്ട്രീയകാര്യസമിതി വിളിക്കുന്നതിനുപകരം ചിലര്‍ മാത്രം കൂടിയിരുന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നതു ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തു വരില്ലായിരുന്നു.
സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള സഹകരണം വേണം. എന്നാല്‍, ഏത് തരത്തിലുള്ള സമരം വേണമെന്ന കാര്യത്തിൽ ചര്‍ച്ച നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

എൽഡിഎഫുമായി ചേർന്നു സംയുക്ത സമരം നടത്താമെന്ന ചെന്നിത്തലയുടെയും മറ്റും നിലപാടിലാണ് ഇപ്പോൾ കോൺഗ്രസിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൂർണമായും എതിർക്കുന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ എടുത്തിരിക്കുന്നത്. രമേശിനൊപ്പം ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസിലെ ശക്തന്മാരുമുണ്ടെന്നതാണ് അനൈക്യം വര്‍ദ്ധിക്കാന്‍ കാരണമായത്.
Next Article