വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കണ്ട, അനാശാസ്യക്കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് ഒരു നാണക്കേടും ഉണ്ടാക്കിയിട്ടില്ല: ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് മുരളീധരന്‍

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (14:30 IST)
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. വീട്ടുകാര്‍ സംസാരിക്കുന്ന സ്ഥലത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട ആവശ്യമില്ല, അനാശാസ്യക്കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള നാണക്കേടും ഉണ്ടാക്കിയിട്ടില്ല. പാര്‍ട്ടി പ്രസിഡന്റിന് പകരമായി ആരും കുരയ്‌ക്കേണ്ടതില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. കേരളത്തിൽ പ്രതിപക്ഷമില്ല, ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം തന്നെയാണെന്ന തന്റെ പ്രസ്താവനയില്‍ ഇപ്പോളും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 
 
മാധ്യമശ്രദ്ധ ലഭിക്കുന്നതിനാണ് മുരളീധരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഡിസിസിയുടെ ഒരു പരിപാടികള്‍ക്ക് പോലും അദ്ദേഹം പങ്കെടുക്കാറില്ല. മാത്രമല്ല എക്കാലത്തും നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, കെ. മുരളീധരന്റെ പാര്‍ട്ടി വിമര്‍ശനത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയതില്‍ എ ഗ്രൂപ്പും അനിഷ്ടം പ്രകടമാക്കിയിട്ടുണ്ട്.
 
സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് വൻ പരാജയമാണെന്നും വ്യക്തമാക്കി ഘടകകക്ഷിക‌ൾ രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച ചെയ്യുന്നതിലും ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് ലീഗും ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക