വിജിലന്‍സ് കോടതി വിധിക്കെതിരെ ബാബു ഇന്ന് ഹര്‍ജി നല്കും; രാജി തീരുമാനത്തില്‍ മാറ്റമില്ല, ആരും ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും ബാബു

ബുധന്‍, 27 ജനുവരി 2016 (09:19 IST)
സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു. ആരും തന്നോട് ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും ബാബു പറഞ്ഞു. മന്ത്രിസ്ഥാനത്തു തുടരാനുള്ള പഴുതുണ്ടോ എന്ന് നോക്കിയിട്ടില്ലെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
 
അതേസമയം, ബാര്‍ കോഴക്കേസില്‍ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു ഇന്ന് ഹൈക്കോടതിയില്‍  ഹര്‍ജി നല്കും. ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കുക.
 
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാബു ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
 
തിങ്കളാഴ്ച തന്നെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്കുന്നതി ഇന്നത്തേക്ക് മാറ്റി വെച്ചത്.

വെബ്ദുനിയ വായിക്കുക