ചുംബനസമരം: ഫേസ്‌ബുക്ക് കണ്ടുപിടിച്ച ശേഷം പ്രതികരിക്കാന്‍ തുടങ്ങിയ ആളല്ല താന്‍- ജോയ് മാത്യു
ചൊവ്വ, 24 നവംബര്‍ 2015 (11:55 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബന സമരനേതാക്കള്‍ അറസ്‌റ്റിലായതോടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ഭാഷയില്‍ മറുപടി നല്‍കി നടന്‍ ജോയ് മാത്യു തന്റെ ഫേസ്‌ബുക്കില്‍. ഫേസ്‌ബുക്ക് കണ്ടുപിടിച്ചശേഷം സമൂഹ്യ പ്രശ്നങ്ങളില്‍ പ്രതികരിച്ചു തുടങ്ങിയ ഒരാളല്ല താനെന്നും ഞാനെന്തിനു ഭയക്കണമെന്നും ഞാനെന്തിനു ഒളിച്ചോടണമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ അദ്ദേഹം ചേര്‍ത്തു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
ഞാനെന്തിനു ഭയക്കണം ?
ഞാനെന്തിനു ഒളിച്ചോടണം ?
എന്റെ നിലപാടുകൾ എന്റെ നിലപാടുകൾ തന്നെയാണു.
പുറകില എത്രപേർ ഉണ്ടെന്നോ അവർ എന്ത് കരുതുന്നുവെന്നോ ഞാൻ പ്രശ്നമാക്കാറില്ല.
ചുംബനസമരവും അതിന്റെ സംഘാടകരുടെ അറസ്റ്റും സംഭവിച്ചിട്ടും ഒന്നും മിണ്ടാതിരിക്കുന്ന, സാമൂഹ്യ പ്രശനങ്ങളിൽ സ്വന്തം നിലപാട് വ്യക്തമാക്കുന്ന ഞാനടക്കമുള്ള പലരെയും കളിയാക്കിയും അവർക്ക് പ്രത്യേക വിളിപ്പേര് ചാർത്തിയും സാമൂഹ്യ മാധ്യമങ്ങളിൽ മത ഭ്രാന്തന്മാരും (മത വിശ്വാസികളല്ല ) പ്രാകൃത മനുഷ്യരും തലങ്ങും വിലങ്ങും ആക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ സംഗതി എന്റെ ശത്രുക്കൾ പോലും എനിക്ക് ഒരു വിളിപ്പേരോ എന്നെ വ്യക്തിപരമായ അധിക്ഷേപങ്ങളോ നടത്തിയില്ല അതിന്നർത്ഥം ശത്രുക്കൾ പോലും എന്നെ സ്നേഹിക്കുന്നു ,എന്റെ വാക്കുകൾ ശ്രദ്ധിക്കുന്നു എന്നതാണ്
പിന്നെ ഞാനെന്തിനു ഭയപ്പെടണം ?
അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ എന്റെ നിലപാട് നിങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി .ദുരാചാര (സദാചാരമല്ല )പോലീസ് കോഴിക്കോട്ടെ ഡൌണ്‍ ടൌണ്‍ ഹോട്ടൽ അടിച്ചു തകർത്തപ്പോൾ അവിടം സന്ദർശിക്കുകയും ദുരാചാര പോലീസിനെതിരെ ഞാൻ ശക്തമായി പ്രതികരിക്കുകയും ചെയ്തു . തുടർന്നുള്ള ദിവസങ്ങളിൽ നിലവിലെ സാമൂഹ്യപരമായ ജീർണതകളിൽ അമർഷം ഉള്ളവരും അസംതൃപ്തരും സ്വാതന്ത്ര മോഹികളുമായ യുവാക്കൾ അവരുടെ സമരരൂപം തെരുവിൽ ചുംബനമാക്കുകയും ചെയ്തപ്പോൾ ഞാൻ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു . ചുംബന സമരക്കാർ പലരും എന്നെ ബന്ധപ്പെട്ട് ആലപ്പുഴയിലും ,തൃശ്ശൂരും കോഴിക്കോട്ടും നടന്ന ചുംബന സമരത്തിൽ പങ്കെടുക്കാൻ വിളിച്ചിരുന്നുവെങ്കിലും, ചുംബനത്തെക്കുറിച്ചും സമരങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിവുള്ളതുകൊണ്ട് ഞാൻ അതിൽ പങ്കെടുത്തുമില്ല ;ചുംബിച്ചുമില്ല. ആ ദിവങ്ങളിലെ മനോരമ ഒണ്‍ലൈൻ ൽ ഇതേ സംബന്ധിച്ചു എന്റനിലപാട് വ്യക്തമാക്കിയിരുന്നു.അത് ചുംബന സമരക്കാരെയും ചൊടിപ്പിച്ചിരുന്നു. എന്നിട്ടും എന്നെതന്നെയാണു പലപ്പോഴും ദുരാചാരന്മാർ ചുംബന സമരക്കാരനായി ചിത്രീകരിച്ചത് .
ഞാൻ എന്തിനു ഭയക്കണം ?
രണ്ടുകാരണങ്ങളാണു ചുംബന സമരങ്ങളിൽ നിന്നും എന്നെ അകറ്റിയതു .ഒന്നാമതായി വ്യക്തമായ ഒരു നിലപാടില്ലാതെ ,രാഷ്ട്രീയ കാഴ്ച്ചപ്പാടില്ലാതെ സംഘടിപ്പിക്കപ്പെടുന്ന ഏതൊരു പൊതുകൂട്ടായ്മയും അരാജകസ്വഭാവം പേറുന്നതായിരിക്കും എന്ന മുൻകാല അനുഭവും ഉള്ളതുകൊണ്ടു. രണ്ടാമാതായി , ചുംബനം ഒരു സമരമാർഗ്ഗമായി എനിക്ക് തോന്നാത്തത് കൊണ്ടും
എന്നിട്ടും പക്ഷേ കോഴിക്കോട് സമരാനുകൂലികൾക്കെതിരെ ദുരാചാരപോലീസ് ആക്രമം അഴിച്ചുവിട്ടപ്പോൽ ഞാൻ പ്രതികരിച്ചു.ഏതു സമരമായാലും സമരക്കാരെ എതിരാളികൾ ശാരീരികമായി നേരിടുന്നതിനു ഫാസിസം എന്ന് പറയും ഫാസിസത്തെ ഞാൻ എക്കാലവും എതിർക്കും .
അതിന് ഞാൻ എന്തിനു ഭയക്കണം ?
ഇനി ഇപ്പോൾ രാഹുൽ പശുപാലന്റെ പെണ്‍വാണിഭം വാർത്തകളിൽ നിറഞ്ഞതോടെ പണ്ട് പ്രതികരിച്ചിരുന്നവർ. സ്വന്തമായി നിലപാടെടുത്ത്തവർ ഭയന്ന് ഒളിച്ചോടിയെന്ന് ഇപ്പോൾ ശത്രുക്കൾ ... വ്യക്തമായ രാഷ്ട്രീയമില്ലാത്ത ഒരു സംഘടനയുടെ സ്വാഭാവിക പരിണിതി മാത്രമാണുരാഹുൽ പശുപാലൻ സംഭവങ്ങൾ കാണിച്ചുതരുന്നത് . അതുകൊണ്ട് ചുംബന സമരം നടത്തിയവരെ മൊത്തം അടച്ചാക്ഷേപിക്കുന്നത് ശരിയല്ല അങ്ങിനെയെങ്കിൽ നമ്മുടെ രാജ്യത്തെ കള്ളകടത്ത് -കോഴ- ലൈംഗീകാപവാദം - കൊലപാതകം - എന്നിവകളിൽ എര്പ്പെടുന്ന നേതാക്കന്മാരുടെ പാര്ട്ടിക്കാര് മുഴുവൻ അത്തരക്കാരണെന്നു പറയുന്നത് ശരിയാണോ ?
ഇനി ഫെസ് ബുക്കിൽ മാത്രം രാഷ്ട്രീയ- സമൂഹ്യപ്രശ്നങ്ങളിൽ
ഇടപെട്ടു പേനയുന്തി ചാരിതാർത്ഥ്യം അടയുകയും ചരിത്രത്തിൽ വേണ്ടത്ര പിടിപാടില്ലാത്തവരുടെയും ശ്രദ്ധക്ക് : ഫേസ് ബുക്ക് കണ്ടുപിടിച്ചച്ചശേഷം സമൂഹ്യപ്രശ്നങ്ങളിൽ പ്രതികരിച്ചു തുടങ്ങിയ ഒരാളല്ല ഞാൻ എന്ന് മനസ്സിലാക്കണമെങ്കിൽ 1977 -81 വരെയുള്ള പോലീസ് റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാവും ,രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ എത്ര കേസുകൾ എന്റെ പേരില് ഉണ്ടായിരുന്നുവെന്ന്