പൊലീസ് നിലത്തിട്ട് ചവിട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു; നടന്ന സംഭവങ്ങള്‍ വിവരിച്ച് ജിഷ്ണുവിന്റെ അമ്മ

ബുധന്‍, 5 ഏപ്രില്‍ 2017 (18:26 IST)
മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പൊലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ആദ്യം നിലത്തിട്ടു ചവിട്ടുകയാണ് ചെയ്‌തത്. തന്നെ അവശയാക്കിയതിനു ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സഹോദരനെയാണ് പൊലീസ് ആദ്യം മര്‍ദ്ദിച്ചത്. തുടര്‍ന്നാണ് തനിക്കു നേര്‍ക്ക് ബലപ്രയോഗമുണ്ടായത്. എന്റെ കുഞ്ഞിനുവേണ്ടി മരണം വരെ  താനും കുടുംബവും പോരാടും. പൊലീസ് അതിക്രൂരമായിട്ടാണ് രാവിലെ പെരുമാറിയതെന്നും പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹിജ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ജിഷ്ണുവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും കുടുംബവും ഡിജിപി ആസ്ഥാനത്ത് സമരത്തിനെത്തിയത്. പിന്നാലെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയാണ് മഹിജയ്‌ക്ക് മര്‍ദ്ദനമേറ്റത്.

അതേസമയം മഹിജയ്‌ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണ്. പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തില്‍ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ മഹിജയ്ക്കൊപ്പമുണ്ടായിരുന്നു. തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നത്. പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക