ജിഷ കൊലക്കേസ്: സമാനമായ ആലപ്പുഴ, പത്തനംതിട്ട കൊലപാതകക്കേസുകളുടെ ഡയറികളും പരിശോധിക്കുന്നു

തിങ്കള്‍, 30 മെയ് 2016 (10:47 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവിനായി അന്വേഷണ സംഘം സമാനമായ മറ്റുകൊലപാതകക്കേസുകളുടെ പൊലീസ് ഡയ‌റിയും പരിശോധിക്കുന്നു. ജിഷ കൊലക്കേസിന് സമാനമായ രീതിയിലാണ് ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും സ്ത്രീകൾ കൊല്ലപ്പെട്ടത്. മൂന്നു സ്ഥലങ്ങളിലേയും സമാനതകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
പെരുമ്പാവൂരിലേതു പോലെതന്നെ മറ്റ് സ്ഥലങ്ങളിലും കൊലപാതകത്തിന് മുൻപ് ലഹരി നൽകിയിരുന്നു. മൂന്ന് കൊലപാതകങ്ങളും നടന്നത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ്. വസ്ത്രം അഴിച്ച രീതിയിൽ ഒരുപോലെ തന്നെ. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ആലപ്പുഴ, പത്തനംതിട്ട കേസുകളുടെ അന്വേഷണ ഡയറി പരിശോധനവിധേയമാക്കിയത്. 
 
ആലപ്പുഴ, പത്തനംതിട്ട കൊലപാതകക്കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം എഡി ജി പി ബി സന്ധ്യയുടെ നേത്യത്വത്തിലുളള പൊലീസ് സംഘം നേരത്തെ പൊലീസ് ചോദ്യം ചെയ്തവരുടെ മൊഴികൾ പരിശോധിച്ചു. കഴിഞ്ഞദിവസം ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞ വിവരങ്ങളും മുന്‍ മൊഴിയും ഒത്തുനോക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക