ജിഷ കൊലക്കേസ്: അമീറുളിനെ മൂന്നു മണിക്ക് കോടതിയില്‍ ഹാജരാക്കും, പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി - ഡിജിപി ഇന്ന് ആലുവയിലെത്തും

Webdunia
വെള്ളി, 17 ജൂണ്‍ 2016 (11:35 IST)
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എസ്പി ഉണ്ണിരാജയാണ് ഇക്കാര്യമറിയിച്ചത്. ഇതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡോക്ടർമാരെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. പെരുമ്പാവൂർ ആശുപത്രിയിലെ ഡോ പ്രേം ആണ് പ്രതിയെ പരിശോധനക്ക് വിധേയമാക്കിയത്. ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് തന്നെ ആലുവയിലെത്തും.

കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതിയെ പതിനഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും. ഇതിന് ശേഷമാണ് തെളിവെടുപ്പുണ്ടാകുക എന്നാണ് അറിയുന്നത്. കോടതി വളപ്പില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കാനാണ് പൊലീസിന്റെ പദ്ധതി.

കൊലപാതകത്തിന്റെ സംബന്ധിച്ച് പൊലീസിനു ചില ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ ഇന്നു പകല്‍ മുഴുവന്‍ പ്രതിയെ ചോദ്യം ചെയ്‌ത് സംശയനിവാരണം നടത്തും. പ്രതി ഹിന്ദി കലര്‍ന്ന അസമീസ് ഭാഷ സംസാരിക്കുന്ന അമീറുളിനെ അസമീസ് ഭാഷ അറിയാവുന്ന ഒരാളുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

അമീറുൽ താമസിച്ചിരുന്നത് ജിഷയുടെ വീടിന് അരക്കിലോമീറ്റർ അകലത്തിലുള്ള കെട്ടിടത്തിലായിരുന്നു. ജിഷയെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പൊലീസ് സംഘം ഇരിങ്ങൽ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാർ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോടു ചേർന്നുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്ന് കത്തി കണ്ടെത്തി. വിശദമായ പരിശോധനയില്‍ കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും കണ്ടെത്തി.
Next Article