പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ അഴിച്ചുപണി. മൂന്നു ഡി വൈ എസ് പിമാരും അഞ്ചു സി ഐമാരും ഉള്‍പ്പെടെ ആകെ 28 പേര്‍ ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണസംഘം.
അതേസമയം, പെരുമ്പാവൂര്‍ ഡി വൈ എസ് പിയെ അന്വേഷണസംഘത്തില്‍ നിന്ന് ഒഴിവാക്കി. പകരം, ഡി വൈ എസ് പി എ ബി ജിജിമോനാണ് ചുമതല. സംഭവം നടന്ന് ഒരാഴ്ചയായിട്ടും കുറ്റവാളിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തതും അന്വേഷണസംഘത്തില്‍ മാറ്റം വരുത്താന്‍ കാരണമായി.
ജിഷയുടെ അയല്‍വാസി ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ആരെയും കേസുമായി ബന്ധിപ്പിക്കാനാകുന്ന വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.
അതേസമയം, ജിഷ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം.