പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ആദ്യഘട്ടങ്ങളില്‍ ഉണ്ടായ വീഴ്ച പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് കാരണമാകും. ജിഷയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പി ജി വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്താത്തതാണ് പുതിയ വിവാദം.
ഇത്തരത്തിലുള്ള സംഭവങ്ങളില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തേണ്ടതുണ്ട്. കോടതിയില്‍ അന്വേഷണസംഘത്തിന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് ഇത് പ്രധാനപ്പെട്ട തെളിവായിരിക്കും. എന്നാല്‍, അത് ജിഷയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നത് അന്വേഷണസംഘത്തിനും പൊലീസിനും ഒരുപോലെ ആശങ്കയുളവാക്കുന്നതാണ്. സര്‍ക്കാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിയമജ്ഞരും അതീവഗൌരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്.