തെരഞ്ഞെടുപ്പ് തോല്‍വി; ജെഡിയുവില്‍ ഭിന്നത രൂക്ഷം, വർഗീസ് ജോർജ് സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ചു - തനിക്ക് ഒന്നുമറിയില്ലെന്ന് വീരേന്ദ്രകുമാര്‍
ശനി, 11 ജൂണ്‍ 2016 (11:54 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി ജനതാദള്‍ യുണൈറ്റഡില്‍ ഭിന്നത രൂക്ഷമാകുന്നു. ഐക്യ ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡോ വര്‍ഗീസ് ജോര്‍ജും ജനറല്‍ സെക്രട്ടറി ഷെയ്‌ഖ് പി ഖാരിസും രാജിവച്ചു. രാജി തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്ന് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനുമുണ്ട്. കനത്ത തോല്‍വിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് മാറിയാല്‍ എല്ലാ ഭാരവാഹികളും മാറുമെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
ഘടകകക്ഷികളെ മാത്രം തോല്‍വിയില്‍ പഴിച്ചിട്ട് കാര്യമില്ല. പാലക്കാട്ടെ റിപ്പോര്‍ട്ടിന്മേല്‍ കടുത്ത നിലപാട് എടുത്തിരുന്നെങ്കില്‍ നില കുറച്ചുകൂടി ഭദ്രമാക്കായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച രാജിസന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇന്നത്തെയോഗത്തില്‍ ഇക്കാര്യം വീണ്ടും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീസ് ജോര്‍ജ് മാത്രമല്ല, താനും പാര്‍ട്ടി അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ഷെയ്ഖ് പിഹാരീസും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേതാക്കളുടെ രാജി കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. രാജി സ്വീകരിക്കണോയെന്നു പാര്‍ട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പിലെ ജയത്തിന്റെയും തോല്‍വിയുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നേതൃത്വം തന്നെയാണ്. എന്നാല്‍ മെമ്പര്‍ഷിപ്പ് കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.