ജയസൂര്യ പറഞ്ഞ നുണയും കൃഷ്ണപ്രസാദ് പറയാന്‍ മടിച്ച സത്യങ്ങളും; നെല്ല് സംഭരണവിലയുടെ വസ്തുതകള്‍ ഇങ്ങനെ
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (10:03 IST)
നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. നടന്‍ ജയസൂര്യയുടെ പൊതുവേദിയിലെ പ്രസംഗമാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കൃഷ്ണപ്രസാദിന് നെല്ലിന്റെ പണം ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാപരമായി കളവാണ്. കൃഷ്ണപ്രസാദിന് നെല്ലിന്റെ പണം കിട്ടിയിട്ടുണ്ടെന്ന് തെളിവ് സഹിതം കൃഷിമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
കൃഷ്ണപ്രസാദിന്റെ കോട്ടയം ജില്ലയില്‍ പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലത്ത് ചാത്തന്‍ങ്കേരി പാടശേഖരത്തിലെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5568 കിലോ നെല്ലാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളത്. അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തില്‍ പിആര്‍എസ് വായ്പയായി കൃഷ്ണപ്രസാദിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നാണ് ജയസൂര്യ പൊതുവേദിയില്‍ വെച്ച് പറഞ്ഞത്.
തനിക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണപ്രസാദും പറയുന്നുണ്ട്. എന്നാല്‍ ആ പണം വായ്പയായാണ് ലഭിച്ചതെന്നാണ് കൃഷ്ണപ്രസാദിന്റെ പ്രതിരോധം. ശരിയാണ് ജൂലൈയില്‍ എസ്.ബി.ഐ മുഖേന പിആര്‍എസ് വായ്പയായാണ് കൃഷ്ണപ്രസാദിന് പണം ലഭിച്ചത്. എന്നാല്‍ ഈ വായ്പയുടെ പലിശ അടയ്‌ക്കേണ്ടത് ആരാണ്? ഈ വസ്തുതകളാണ് കൃഷ്ണപ്രസാദ് മറച്ചുവെച്ചത്.
സംഭരണവില ലഭ്യമാക്കാന്‍ വരുന്ന കാലതാമസം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രയാസം മറികടക്കാനാണ് സപ്ലൈകോ ബാങ്കുകളുമായി ചേര്‍ന്ന് പിആര്‍എസ് വായ്പാ പദ്ധതി നടപ്പിലാക്കിയത്. ഇപ്രകാരം നെല്ല് അളന്നെടുക്കുമ്പോള്‍ കര്‍ഷകനു നല്‍കുന്ന പാഡി റസീപ്റ്റ് ഷീറ്റ് ഈടായി സ്വീകരിച്ച് ബാങ്കുകള്‍ വായ്പ നല്‍കുന്നു. വ്യക്തിഗത വായ്പയുടെ നടപടിക്രമങ്ങളിലൂടെ കര്‍ഷകന് കടന്നുപോകേണ്ടിവരുമെങ്കിലും നെല്ല് സംഭരിച്ചയുടന്‍ വില ലഭ്യമാക്കുന്നു. വായ്പത്തുക പലിശ സഹിതം സപ്ലൈകോ അടച്ചുതീര്‍ത്തുവരികയായിരുന്നു. അതായത് വായ്പാ തുക അടയ്‌ക്കേണ്ടത് കര്‍ഷകനല്ല മറിച്ച് സപ്ലൈകോ തന്നെയാണ്.
നെല്ല് സംഭരണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവില 20 രൂപ 40 പൈസയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന ബോണസ് ഏഴ് രൂപ 80 പൈസയും. രണ്ടും കൂടി ചേരുമ്പോള്‍ 28 രൂപ 20 പൈസയാണ് കര്‍ഷകന് ലഭിക്കുക. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. അതായത് രാജ്യത്ത് വേറെ ഒരു സംസ്ഥാനത്തും നെല്ല് കര്‍ഷകന് ഇത്രയും രൂപ ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍.
താങ്ങുവില ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിനു ലഭ്യമാകാനുള്ള കുടിശിക 637.7 കോടി രൂപയാണ്. ഈ തുക ലഭ്യമാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ കുടിശിക ലഭ്യമാകാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു പലതവണ കത്തയക്കുകയും മന്ത്രിതല ഇടപെടലുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ല.