ജനശ്രീയുടെ പേരില്‍ തട്ടിപ്പ് : അന്വേഷണം തുടങ്ങി

ബുധന്‍, 22 ഏപ്രില്‍ 2015 (18:14 IST)
ജനശ്രീയുടെ പേരില്‍ നടത്തിയ വന്‍ തുകയുടെ തട്ടിപ്പ് കണ്ടെത്തി. ഇതുമായി പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്നര കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണു വിവരം ലഭിച്ചിട്ടുള്ളത്. റെയ്ഡില്‍ നിരവധി വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകളും പിടിച്ചെടുത്തു.

ജനശ്രീയുടെ നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വരുന്ന വിവിധ സംഘങ്ങളില്‍ വരുന്ന 80 പേരാണു തട്ടിപ്പിനിരയായത്. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ പരാതിയെ തുടര്‍ന്നാണു അന്വേഷണം ആരംഭിച്ചത്. നെല്ലനാട് മണ്ഡലം കമ്മിറ്റിക്കു കീഴിലുള്ള  വിവിധ സംഘങ്ങള്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍, തിരിച്ചടവ് എന്നിവയില്‍ നിന്ന് മണ്ഡലം ചെയര്‍മാന്‍, സെക്രട്ടറിഎന്നിവരുടേ നേതൃത്വത്തിലുള്ള സംഘമാണു തട്ടിപ്പ് നടത്തിയതെന്നാണ്‌ ആരോപണം.

സ്വയം തൊഴിലിനും മറ്റു വിവിധ ആവശ്യങ്ങള്‍ക്കുമായി എടുത്ത വായ്പകള്‍ തവണകളായി ജനശ്രീയുടെ നെല്ലനാട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ അടയ്ക്കണമെന്നും ഈ തുക മണ്ഡലം ഭാരവാഹികള്‍ ബാങ്കുകളില്‍ അടയ്ക്കുമെന്നുമായിരുന്നു അംഗങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തുക ബാങ്കില്‍ അടയ്ക്കാതെ വ്യാജ സീല്‍ ഉപയോഗിച്ച് അംഗങ്ങളുടെ പാസ് ബുക്കില്‍ വരവു കയ്ക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ്‌ അംഗങ്ങള്‍ തട്ടിപ്പിനെ കുറിച്ച് ബോധ്യപ്പെട്ടതും തുടര്‍ന്നു പൊലീസിനെ സമീപിച്ചതും. ഭരണ പക്ഷത്തെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയിലെ അംഗങ്ങളാണ്‌ ജനശ്രീയുടെ തലപ്പത്തുള്ളതെന്നുമാണ്‌ ആരോപണം.

വെബ്ദുനിയ വായിക്കുക