പാറ്റൂർ ഇടപാടിൽ അഴിമതി നടന്നു, മുഖ്യമന്ത്രി വേദനിപ്പിച്ചുവെങ്കിലും അദ്ദേഹത്തിനോട് ശത്രുതയില്ല, ബാർ കേസില്‍ അഴിമതിയുണ്ടോയെന്ന് ജനത്തിനറിയാം: ജേക്കബ് തോമസ്
ശനി, 19 ഡിസംബര്‍ 2015 (11:51 IST)
പാറ്റൂർ ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ മേധാവി ഡിജിപി ജേക്കബ് തോമസ്. ഭൂമി ഇടപാടിൽ സര്‍ക്കാരിന് വീഴ്‌ച വന്നിട്ടുണ്ട്. പൊതു ജനങ്ങളുടെ ഭൂമിയാണത്. അതിനാല്‍ ഭൂമി തിരിച്ച് പിടിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ബാർ കോഴക്കേസിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഡിജിപി പറഞ്ഞു.
മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണ ചുമതല തനിക്കും ഉണ്ടായിരുന്നു. വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗമായിരുന്ന തനിക്ക് കേസിലെ മേല്‍നോട്ടം ഉണ്ടായിരുന്നു. കേസിലെ കാര്യങ്ങളെല്ലാം ജനങ്ങള്‍ക്കറിയാം. അന്വേഷണം നടക്കുന്ന കേസിന്റെ പാതിവഴിയില്‍ വെച്ച് നിഗമനങ്ങളിലെത്താന്‍ സാധിക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയത്. അതനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നടപടി ഏറെ വേദനിപ്പിച്ചു. അതിനാലാണ് അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയത്. മുഖ്യമന്ത്രിയടക്കം ആരുമായും ശത്രുത ഇല്ല. മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നുണ്ട്. മുമ്പ് സിവില്‍ സപ്ലൈസ് വകുപ്പിലിരുന്ന സമയത്ത് അഴിമതിക്കെതിരെ ശക്തമായ നടപടികളെടുത്തപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് വലിയ പിന്തുണ നല്‍കിയതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്.