നിസാമുമായി കൂടിക്കാഴ്ച: ജേക്കബ് ജോബിന് സസ്പെന്‍ഷന്‍
വ്യാഴം, 26 ഫെബ്രുവരി 2015 (13:58 IST)
തൃശൂരില്‍ ചന്ദ്രബോസ് കൊലപാതകത്തില്‍ പിടിയിലായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്ത സംഭവത്തില്‍ മുന്‍ തൃശൂര്‍ പൊലീസ് കമ്മീഷണറും പത്തനംതിട്ട എസ് പിയുമായ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് ഡിജിപി ഇന്നു രാവിലെ ആഭ്യന്തരമന്ത്രിക്കു കൈമാറിയിരുന്നു.
നേരത്തെ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജി ടി കെ ജോസ് റിപ്പോര്‍ട്ട് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ടില്‍ ജേക്കബ് ജോബിന്റെ നടപടി പൊലീസ് അന്വേഷണത്തെപ്പറ്റി തെറ്റായ സന്ദേശം നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാതെയുള്ള ചോദ്യം ചെയ്യല്‍ പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി ഏഴിനാണ് ജേക്കബ് ജോബ് നിസാമുമായി ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്‌ച നടത്തിയത്. കസ്‌റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുന്‍പേ മറ്റ് അന്വേഷണ ഉദ്യോഗസ്‌ഥരെ ഒഴിവാക്കിയ ശേഷം ജേക്കബ് ജോബ് നിസാമിനെ ചോദ്യം ചെയ്യുകയായിരുന്നു.