ചെന്നിത്തല പറയുന്നതു പോലെ, പിണറായി വിജയന്‍ ഏകാധിപതിയല്ല
തിങ്കള്‍, 18 ജൂലൈ 2016 (16:36 IST)
മികച്ച ജനപിന്തുണയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഇന്ത്യയെന്ന മഹാരാജ്യത്തിന് വാനോളം പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍ അത്രയൊന്നുമില്ലെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതിനിടെ ചുരുങ്ങിയ കാലം കൊണ്ട് രാഷ്‌ട്രീയ സമാനതകളില്‍ മോദിയും പിണറായിയും ഒരുപോലെയെന്ന് കൊട്ടിഘോഷിച്ചവര്‍ പിണറായിക്ക് ചാര്‍ത്തിയ പേരാണ് മല്ലു മോദി.
അഴിമതി ആരോപണങ്ങളില്‍ മൂക്കു കുത്തി വീണ യുഡിഎഫിനെ പിന്തള്ളി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ പിണറായി വിജയനെ വേട്ടയാടുന്ന ചോദ്യമാണ് നിങ്ങള്‍ ഒരു ഏകാധിപതിയാണോ എന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ചോദ്യം പരസ്യമായി തന്നെ ചോദിക്കുകയും ചെയ്‌തു. ഈ ചോദ്യത്തിന് ആധാരമാകുന്ന ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്തുണ്ടായതാണ് ഇതിന് കാരണമായത്.
ലാവ്‌ലിന്‍ അഴിമതിയെന്ന പേരുദോഷം വികസനത്തിലൂടെ കഴുകി കളയാന്‍ സാധിക്കുമെന്ന് കരുതിയ പിണറായി ആദ്യം വെല്ലുവിളി ഉയര്‍ത്തിയത് കണ്ണൂരിലെ കുട്ടിമാക്കുവിലെ ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതോടെ പ്രതിപക്ഷം ആഞ്ഞടിച്ചപ്പോഴും അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല. കൈ കുഞ്ഞുമായി ഒരു സ്‌ത്രീ ജയിലില്‍ പോകുന്നത് ആദ്യമല്ല എന്നായിരുന്നു പിണറായി നല്‍കിയ മറുപടി.
മാധ്യമങ്ങളെ കാണാറില്ല ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാറില്ല എന്ന ആരോപണം മാധ്യമ പ്രവര്‍ത്തകരും ഉന്നയിച്ചപ്പോഴും അവിടെയും ഒരു പിണറായി സ്‌റ്റൈല്‍ ഉണ്ടായിരുന്നു. എന്നും മാധ്യമങ്ങളെ കാണേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിആര്‍ഒയുടെ ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ പറഞ്ഞപ്പോഴും അതിനെ എതിര്‍ക്കുകയാണ് ചെയ്‌തത്. ഇതോടെയാണ് പിണറായി ഏകാധിപതിയെ പോലെ ഭരിക്കാന്‍ ശ്രമം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നത്.
കഴിഞ്ഞ ആഴ്‌ച കണ്ണൂരില്‍ ഇടതു പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടപ്പോഴും അതൊരു പകപോക്കല്‍ കൊലപാതകം എന്നു മാത്രമാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോദരന്‍ എത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നുവെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ സര്‍ക്കാരിനെ കരിനിഴലിലാക്കുമെന്നതില്‍ സംശയമില്ല.
ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയുമാണ് ദാമോദരൻ കോടതിയിൽ ഹാജരായത്. ഇതിൽ സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഇതു വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു. എന്നാൽ, പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയുടെ ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി. ദാമോദരനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
പിണറായി വിജയന്‍ ഏകാധിപതിയോ ?
പികെവി മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ മാധ്യമങ്ങളെ കാണുന്നത് പതിവാക്കിയിരുന്നു. അച്യുതമേനോന്‍, പികെവി, ഇകെ നായനാര്‍, കെ കരുണാകരന്‍, ഏകെ ആന്റണി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഓരോരുത്തരും ഓരോ തരത്തിലാണ് പത്രസമ്മേളനം മുന്നോട്ടു കൊണ്ടുപോയിരുന്നത്.
മന്ത്രിസഭാ തീരുമാനങ്ങളും സര്‍ക്കാരിന്റെ നിലപാടുകളും പത്രസമ്മേനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ കൂടിക്കാഴ്‌ചകള്‍ എന്നും വിവാദത്തിലേക്കാണ് നീങ്ങിയിട്ടുള്ളത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ പ്രധാന്യമുള്ളവ മാത്രം സംസാരിച്ച ശേഷം പിന്നീട് വിവാദങ്ങളിലേക്കുള്ള ചര്‍ച്ചകളാണ് നടക്കുക. ചോദ്യങ്ങളും മറു ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകള്‍ രംഗം കൈയിലെടുക്കുമ്പോള്‍ വിവാദ പ്രസ്‌താവനകള്‍ ഉണ്ടാകുകയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ വിവാദം കത്തി പടരുകയും ചെയ്യും. ഇതോടെ മന്ത്രിസഭാ തീരുമാനങ്ങള്‍ അപ്രസക്‍തമാകുകയും ചെയ്യും.
ഇങ്ങനെയൊരു സാഹചര്യം മുന്നിക് കണ്ടാണ് പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്ന് അകലുന്നത്. അറിയേണ്ട കാര്യങ്ങള്‍ സമയാസമയങ്ങളില്‍ അറിയിക്കുമെന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്. ഇതിനിടെയാണ് എതിരാളികളും ചില വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തിന് ഏകാധിപതിയെന്ന നാമം ചാര്‍ത്തി നല്‍കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വിവരങ്ങള്‍ അറിയുക എന്നത് ജനങ്ങളുടെ അവകാശമാണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ഒരിക്കലും മറക്കന്‍ പാടില്ല. അത്തരമൊരു സാഹചര്യത്തിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നതെങ്കില്‍ പിണറായിയില്‍ ചര്‍ത്തപ്പെട്ടേക്കാവുന്ന നാമത്തിന് കൂടുതല്‍ ശക്തി പകരും.
എന്നാല്‍, കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സംഭവമാണ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് ചോദ്യം ചെയ്യലിന് ഹാജരാകുക എന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ എംഎല്‍എമാര്‍ക്ക് പോലും അനുമതി കുറവാണ്. പൊതു പരിപാടികള്‍ മുഖ്യമന്ത്രി എത്തുകയില്ല. മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഭയത്തോടെയുമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുന്നത്. എന്നാല്‍, അത്തരമൊരു സാഹചര്യമൊന്നും കേരളത്തിലില്ല.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോദരന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്ന് വ്യക്തമാണ്. സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും പലപ്പോഴുമായി അടുത്ത് ഇടപെഴകേണ്ടി വരുന്ന ദാമോദരന്റെ പ്രവര്‍ത്തനം സര്‍ക്കാരിനെ മൊത്തത്തില്‍ സമ്മര്‍ദ്ദമാക്കും. സംസ്ഥാനത്തെ പ്രമാദമായ പല കേസുകളും സര്‍ക്കാരിനെതിരായി അദ്ദേഹം വാദിക്കുന്നത് സര്‍ക്കാരിന്റെ മുഖം വികൃതമാക്കുകയും ഒപ്പം പിണറായി അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നത് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
തിരുത്തലുകള്‍ നടത്തുകയും ഒപ്പം ജനകീയമായി മുന്നോട്ടു പോകുകയും ചെയ്‌താല്‍ മാത്രമെ ഏതൊരു സര്‍ക്കാരിനും മികച്ച ഇമേജ് കൈവരിക്കാന്‍ സാധിക്കൂ. അല്ലാത്ത പക്ഷം തിരിച്ചടി സുനിശ്ചിതമാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ കുടുങ്ങി നടപടി നേരിട്ട അനുഭവം പിണറായി മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെയാവണം അദ്ദേഹം ചോദ്യങ്ങളെ ഭയപ്പെടുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, അതിന് അനുസരിച്ചുള്ള സമീപനവും ഉത്തരങ്ങളുമാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഈ അഞ്ചു വര്‍ഷക്കാലം ഓര്‍ക്കേണ്ടതുണ്ട്.