മൂന്നു നവജാതശിശുക്കള്‍ മരിച്ച സംഭവം; ഡോക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (16:18 IST)
ആവശ്യമായ ചികിത്സ യഥാസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി അമ്മയുടെ മൂന്നു നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ക്ക് സസ്പെന്‍ഷന്‍. മാനന്തവാടി ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ സുഷമയെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസമായിരുന്നു വയനാട്ടില്‍ ദാരുണമായ സംഭവം നടന്നത്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സിലും മറ്റുമായി മൂന്നു ഘട്ടങ്ങളിലായാണ് പ്രസവം നടന്നത്. പക്ഷേ, മൂന്നു കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ പോലും ജീവനോടെ ലഭിച്ചില്ല.
വയനാട് വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍ - അനിത ദമ്പതികളുടെ മക്കളാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്. യുവതി പ്രസവിച്ച രണ്ടു കുഞ്ഞുങ്ങള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞ് ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.