പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

അഭിറാം മനോഹർ

വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (12:55 IST)
തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് വി എസ് സുനില്‍കുമാര്‍. പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന വിവരാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ ഇടത് പക്ഷ സ്ഥാനാര്‍ഥിയായിരുന്ന സിപിഐ നേതാവ് കൂടിയായ സുനില്‍കുമാറിന്റെ പ്രതികരണം.
 
സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണമുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയ ശേഷം വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച രേഖ ആവശ്യപ്പെടുമ്പോള്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അത് ഞെട്ടലുണ്ടാക്കുന്നതാണ്. അങ്ങേയറ്റം അപലപനീയമാണ്. സുനില്‍ കുമാര്‍ പറഞ്ഞു.
 
 വിവിധ ദേവസ്വം ബോര്‍ഡ് അധികൃതരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നാടകമായിരുന്നോ?, ആര്‍ക്ക് വേണ്ടിയാണ് ചെയ്തത്. പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമാണ് പലരും പറയുന്നു. എനിക്ക് അങ്ങനെ പറയാനാകില്ല. അതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യത്തോട് കൂടിയുള്ള ഗൂഡാലോചന നടന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല അതില്‍ പങ്കാളികള്‍.അതിന് പിന്നിലുള്ളവര്‍ മുഴുവന്‍ പുറത്തുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഇതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കില്‍ അത് ശരിയായ കാര്യമല്ല. സുനില്‍ കുമാര്‍ പറഞ്ഞു.
 
 പല പോലീസ് ഉദ്യോഗസ്ഥരും അന്വേഷണം നടന്നതായാണ് എന്നോട് പറഞ്ഞത്. ഇത് സംബന്ധിച്ച് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നേരിട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുകയാണ്. യാതൊരു നടപടികളുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ എനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയും. അത് പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. സ്ഥാനാര്‍ഥി എന്ന നിലയിലല്ല, ഒരു തൃശൂരുകാരന്‍ എന്ന നിലയിലാണ് ഞാനിത് ആവശ്യപ്പെടുന്നത്. സുനില്‍ കുമാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍