തൃശൂര്‍ പൂരം അലങ്കോലമാക്കിയതു ബിജെപിക്ക് വേണ്ടിയോ? റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കും

രേണുക വേണു

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (10:41 IST)
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിനു വീഴ്ച സംഭവിച്ചതായി വി.എസ്.സുനില്‍ കുമാര്‍. ഇക്കാര്യത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനു വീഴ്ചയുണ്ടോ എന്നതിനു തന്റെ കൈയില്‍ തെളിവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണകരമാകാന്‍ വേണ്ടി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പൊലീസിലെ ചിലര്‍ക്കു പങ്കുണ്ടെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അടക്കം സംശയം. 
 
പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സുനില്‍ കുമാര്‍ പറയുന്നു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായി. പൂരം നടത്തിപ്പിനായി ഒപ്പം നിന്ന തന്നെ പ്രതികൂട്ടിലാക്കുന്ന വിധമാണ് പിന്നീട് ചര്‍ച്ചകളും പ്രചരണങ്ങളും നടന്നതെന്നും സുനില്‍ കുമാര്‍ പറയുന്നു. 
 
സത്യസ്ഥിതി പുറത്തു വരട്ടെ. ഇക്കാര്യത്തില്‍ അപ്പോള്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഒരു മാസം കൊണ്ട് പുറത്ത് വരുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് നാല് മാസമായിട്ടും പുറത്ത് വന്നിട്ടില്ല, ജനങ്ങള്‍ക്ക് അത് അറിയാന്‍ താല്‍പര്യം ഉണ്ട്. തൃശൂര്‍ പൂരം തടസപ്പെടുത്തിയത് ഏത് ഉന്നതനായാലും അത് ജനങ്ങള്‍ അറിയണം. സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍