അന്‍വര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നല്‍കാനാണ് അന്‍വറിന്റെ തീരുമാനം. അജിത് കുമാറിനെതിരായ ചില നിര്‍ണായക തെളിവുകളും അന്‍വര്‍ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും തെളിവുകള്‍ ഇല്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അന്‍വര്‍ കൃത്യമായ തെളിവുകള്‍ കൈമാറുകയാണെങ്കില്‍ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി എഡിജിപി അജിത് കുമാറിനു അഭേദ്യമായ ബന്ധമുണ്ടെന്നും അടുത്ത ഡിജിപി ആകാനുള്ള നീക്കങ്ങള്‍ അജിത് കുമാര്‍ നടത്തുന്നുണ്ടെന്നുമാണ് അന്‍വര്‍ പറയുന്നത്. പത്തനംതിട്ട എസ്.പി. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയാണ് പി.വി.അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തിയത്. സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാന ആരോപണം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നതായും അന്‍വര്‍ അജിത് കുമാറിനെതിരെ ഒളിയമ്പെയ്തു.