വേനൽ കടുത്തു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു, വൈദ്യുതി പ്രതിസന്ധിക്ക് കാരണമായേക്കാം

ചൊവ്വ, 26 ഏപ്രില്‍ 2016 (10:37 IST)
സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വേനൽ കടുത്തതോടെയാണ് ജലനിരപ്പിന്റെ ഗണ്യമായ കുറച്ചിൽ. പത്തു ദിവസത്തിനുള്ളിൽ ഏകദേശം അഞ്ചു ശതമാനം ജലമാണ് ഡാമിൽ കുറഞ്ഞിരിക്കുന്നത്. ഡാമിൽ ഇനി 589.398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണുള്ളത്. ഇതോടെ വൈദ്യുതി ഉപയോഗം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് കെ എസ് ഇ ബി.
 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.28 അടികൂടി കുറഞ്ഞ് 2326.3 അടിയായി. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. 27.439 ശതമാനം വെള്ളമേ അണക്കെട്ടില്‍ ബാക്കിയുള്ളൂ. 1265.824 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കു സമാനമാണിത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 6.74 ദശലക്ഷം യൂണിറ്റായിരുന്നു. 7.196 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉൽപാദിപ്പിച്ചു. 
 
വേനൽ കടുത്തതോടെ 76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ശരാശരി ഉപയോഗം. പുറമെ നിന്നും ലഭിക്കുന്ന വൈദ്യുതി തടസ്സമില്ലാതെ നീങ്ങുന്നതാണ് ഇപ്പോൾ ഏക ആശ്വാസം. വൈദ്യുതി തടസ്സമില്ലാതെ ഇതുവരെ കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ കാരണവും ഇതുതന്നെയാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക